ദേശീയപാതയോരത്തെ ബാറുകള്‍ തുറക്കരുത്: ഹൈക്കോടതി

Wednesday 14 June 2017 11:01 pm IST

കൊച്ചി: തിരുവനന്തപുരം-ചേര്‍ത്തല, കണ്ണൂര്‍-കുറ്റിപ്പുറം പാതകള്‍ ദേശീയപാതകളാണെന്ന് വ്യക്തമായ അവസരത്തില്‍ സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമായി ഇരുപാതയോരങ്ങളിലും മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് എക്‌സൈസ്, പൊതുമരാമത്ത് വകുപ്പുകള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പുനഃപരിശോധനാ ഹര്‍ജികളിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. കഴിഞ്ഞ ജൂണ്‍ ഏഴിനു നല്‍കിയ നിര്‍ദേശമനുസരിച്ച് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ കണ്ണൂര്‍-കുറ്റിപ്പുറം പാതയോരത്ത് ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയ ഫയലുകളുമായി ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. കണ്ണൂര്‍ - കുറ്റിപ്പുറം പാതയുടെ പദവിയെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് വിശദീകരണം തേടിയെന്ന് ഫയലുകളില്‍ നിന്നു വ്യക്തമായി. ഈ പാത സംസ്ഥാന ഹൈവേ അല്ലെന്നു മാത്രമാണ് മറുപടി നല്‍കിയത്. ദേശീയപാതയാണോ എന്ന് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ലെന്നും രേഖകളില്‍ നിന്ന് വ്യക്തമായെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ച് മദ്യശാലകള്‍ അനുവദിക്കാന്‍ ഇടവരരുതായിരുന്നു. പാതയോരത്ത് ബാറുകള്‍ തുറക്കാനിടയായത് അലോസരപ്പെടുത്തുന്നു. റോഡുകളുടെ പദവി സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് ആശങ്ക ഉണ്ടാവരുത്. പുതുക്കി നല്‍കിയ ലൈസന്‍സ് അസാധുവാക്കണം. ഉത്തരവില്‍ പറയുന്നു. ഹര്‍ജി പരിഗണിക്കവെ തിരുവനന്തപുരം-ചേര്‍ത്തല, കുറ്റിപ്പുറം-കണ്ണൂര്‍ പാതകള്‍ ദേശീയപാത തന്നെയാണെന്നും ഇക്കാര്യത്തില്‍ സംശയമില്ലെന്നും വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ആശ തോമസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പാതയോരങ്ങളിലെ മദ്യശാലകളുടെ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ പരിഗണിക്കണമെന്ന ഉത്തരവു പുനഃപരിശോധിക്കാനുള്ള ഹര്‍ജികളിലാണ് പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.