യൂത്ത് കോണ്‍ഗ്രസ് നേതാവ് സിപിഎം മെമ്പറുടെ മുണ്ടുരിഞ്ഞു

Wednesday 14 June 2017 11:06 pm IST

കല്ലമ്പലം: കടയ്ക്കാവൂര്‍ പഞ്ചായത്താഫീസില്‍ സിപിഎം പഞ്ചായത്തംഗം ഷിജുവും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അന്‍സറും തമ്മില്‍തല്ല്. തല്ലിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സിപിഎം മെമ്പറുടെ മുണ്ടുരിഞ്ഞു. തൊഴിലുറപ്പ് വേതന കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാത്ത് പ്രസിഡന്റിനെ തടഞ്ഞുവച്ച് സമരം നടത്തിയ തൊഴിലാളികള്‍ ഇതു കണ്ട് ഇറങ്ങിയോടി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള തുക എത്രയുംവേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റുമായി സംസാരിക്കാനാണ് അന്‍സര്‍ പഞ്ചായത്താഫീസില്‍ എത്തിയത്. ഈ സമയം സിപിഎം മെമ്പര്‍ ഷിജു അസഭ്യവാക്കുമായി അന്‍സറിനെ ചവിട്ടി താഴെയിട്ട് മര്‍ദ്ദിച്ചു. ഇതിനിടയില്‍ അന്‍സര്‍ ഷിജുവിന്റെ മുണ്ടുരിഞ്ഞു. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഷിജുവിനെതിരെ കടയ്ക്കാവൂര്‍ പോലീസ് കേസെടുത്തു. പഞ്ചായത്താഫീസിലെ കയ്യാങ്കളിയില്‍ പ്രതിഷേധിച്ച് ബിജെപി കടയ്ക്കാവൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്താഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സുകുട്ടന്‍, ബി. ജയന്‍, വിലോചനകുറുപ്പ്, ഭാവനചന്ദ്രന്‍, തെക്കുംഭാഗം സുകു, കടയ്ക്കാവൂര്‍ അശോകന്‍, മുകേശ് ശാന്തി എന്നിവര്‍ സംസാരിച്ചു.