ഒടിഞ്ഞുതൂങ്ങിയ വൈദ്യുത തൂണ്‍ അപകട ഭീതിയില്‍

Wednesday 14 June 2017 11:08 pm IST

മലയിന്‍കീഴ്: ഒടിഞ്ഞ് തൂങ്ങിയ വൈദ്യുത തൂണ്‍ മാറ്റിസ്ഥാപിക്കുന്നതിന്പകരം അതില്‍ ലൈന്‍വലിച്ച് കെട്ടി കെഎസ്ഇബി ജീവനക്കാര്‍ സ്ഥലം വിട്ടു. വിളപ്പില്‍ പഞ്ചായത്തിലെ ചൊവ്വള്ളൂര്‍ വാര്‍ഡില്‍ ഇടമലക്ഷേത്രത്തിനു സമീപമുള്ള പൊതുവഴിയിലുള്ള വൈദ്യുത തൂണ്‍ അപകട ഭീതിയില്‍. പേയാട് ഇലക്ട്രിക്കല്‍ സെക്ഷനുകീഴിലാണ് ഈ പ്രദേശം. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലും സമീപം നിന്ന മരം വീണാണ് തൂണിന്റെ മുകള്‍ഭാഗം ഒടിഞ്ഞതെന്ന് പ്രദേശവാസികള്‍ പറയുന്നു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കെഎസ്ഇബി ജീവനക്കാര്‍ തൂണ്‍മാറ്റുന്നതിനു പകരം ഒടിഞ്ഞ ഭാഗത്തിനു താഴെ ലൈന്‍കെട്ടി പുനസ്ഥാപിക്കുകയായിരുന്നു. താല്‍കാലികമാണെന്നു കരുതി നാട്ടുകാര്‍ ഇതിനെ ആദ്യം ചോദ്യം ചെയ്തില്ല.എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും വൈദ്യുത തൂണ്‍മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ല.ഒടിഞ്ഞ ഭാഗം മഴയും വെയിലുമേറ്റ് ദ്രവിച്ച് ഏത് നിമിഷവും നിലപൊത്താവുന്ന അവസ്ഥയിലാണ്. നിരവധി തവണ സെക്ഷന്‍ ഓഫീസില്‍ അറിയിക്കുകയും പരാതി ബുക്കില്‍ രേഖപ്പെടുത്തിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.