കാടിന്റെ താളം ഇനി നാടറിയും

Wednesday 14 June 2017 11:12 pm IST

വിളപ്പില്‍: മലദൈവങ്ങളെ പ്രീതിപ്പെടുത്താനും രോഗങ്ങളെ അകറ്റാനും കാടിന്റെ മക്കള്‍ പരമ്പരാഗതമായി അനുഷ്ഠിച്ചു പോന്ന ആചാരങ്ങളും കലാരൂപങ്ങളും പലതുണ്ട് കാടിനുള്ളില്‍. അതില്‍ കാടിന്റെ താളവും ഗോത്രാചാരത്തിന്റെ പെരുമയുമുണ്ട്. കാലാട്ടം, ചാറ്റ് പാട്ട്, പരുന്താട്ടം, പൂപ്പടയാട്ടം, കാളകളി, ചവളക്കളിയാട്ടം ഇങ്ങനെ നീളുന്നു അവ. ആദിവാസി ഊരുകളിലെ ആട്ടക്കളത്തില്‍ മാത്രം ഒതുങ്ങി നിന്ന ഇത്തരം അനുഷ്ഠാന കലകളെ നാടറിയിക്കാനുള്ള ദൗത്യവുമായി ഊരുചുറ്റുകയാണ് ഒരു കൂട്ടം വനവാസികള്‍. കോട്ടൂര്‍ വാലിപ്പാറ ആദിവാസി സെറ്റില്‍മെന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ഉറവ് ' എന്ന സംഘടനയാണ് വനവാസികളുടെ താളവും മേളവും പുറംനാട്ടിലെത്തിക്കുന്നത്.നാല് സ്ത്രീകളടക്കം 16 പേരാണ് സംഘത്തിലുള്ളത്. എല്ലാപേരും ഗോത്രവര്‍ഗക്കാര്‍. കാട്ടുമുള, കൊക്കര, താളം, ചെണ്ട, ചിരട്ട, കാട്ടു കമ്പുകള്‍ എന്നിവയാണ് ഇപ്പോഴും വാദ്യോപകരണങ്ങള്‍. കുരുത്തോല, കമുകിന്‍ പാള, കാട്ടുപൂക്കള്‍, മരത്തോല്‍, ഈറ്റ, ചെമ്പട്ട് ഇവയൊക്കെയായിരുന്നു പ്രാചീന കാലത്ത് വേഷവിധാനങ്ങള്‍. ഇപ്പോള്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് ഒരേ നിറത്തിലുള്ള വേഷ്ടിയും ഉടുപ്പുമാണ് വേഷം. ആട്ടവും പാട്ടും കാടിന്റെ തനതു ശൈലിയില്‍ തന്നെ. ഉറവിന്റെ താളം എന്ന പേരില്‍ കേരളത്തിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലുമടക്കം അന്‍പതോളം വേദികളില്‍ ഈ ഗോത്ര കലാരൂപങ്ങളുടെ നിറച്ചാര്‍ത്ത് അവതരിപ്പിച്ചുവെന്ന് ഭാരവാഹികളായ സുരേഷ് മിത്രയും സന്തോഷും പറയുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.