മൂന്നാറില്‍ ഭൂസംരക്ഷണ സേനയ്ക്ക് മൂന്ന് മാസമായി ശമ്പളമില്ല

Wednesday 14 June 2017 11:21 pm IST

ഇടുക്കി: മൂന്നാറില്‍ കൈയേറ്റം കണ്ടെത്തുന്നതിന് വിശ്രമമില്ലാതെ ജോലി നോക്കുന്ന ഭൂസംരക്ഷണ സേനയെ ഇല്ലാതാക്കാന്‍ ഉന്നത തലത്തില്‍ നീക്കം നടത്തുന്നു. ശമ്പളം നല്‍കാതെ ഭൂസംരക്ഷണസേനയെ റവന്യൂ വകുപ്പ് പീഡിപ്പിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് ഇവര്‍ക്ക് അവസാനമായി ശമ്പളം നല്‍കിയത്. പാപ്പാത്തിച്ചോല കൈയേറ്റം ഉള്‍പ്പെടെ പ്രമുഖമായ കൈയേറ്റം ഭൂസംരക്ഷണസേന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തിച്ചതോടെയാണ് ശമ്പളം മുടങ്ങിയതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ട്. ഇക്കാലയളവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കലിന് സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കിയാണ് ഇവര്‍ യാത്ര ചെയ്തത്. കൈയേറ്റം ഒഴിപ്പിക്കാനെത്തുന്ന സ്ഥലത്തെല്ലാം ഭൂമാഫിയയുടെ ഭീഷണിയും അക്രമവും നേരിടേണ്ടിവരുന്നത് ഭൂസംരക്ഷണ സേനയ്ക്കാണ്. ജില്ലയിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂ മന്ത്രിയായിരുന്ന കാലത്താണ് ഭൂസംരക്ഷണ സേനയെ നിയമിച്ചത്. പതിനഞ്ചു പേരെയാണ് ആദ്യം നിയമിച്ചത്. ഇപ്പോള്‍ ജില്ലയില്‍ ഒമ്പത് പേരാണ് പ്രവര്‍ത്തിക്കുന്നത്. ദേവികുളത്ത് നാല്, ഉടുമ്പന്‍ചോലയില്‍ മൂന്ന്, പീരുമേട്ടില്‍ രണ്ട് എന്നിങ്ങനെയാണ് സേനയുടെ അംഗബലം. ദിവസേന 675 രൂപയാണ് ശമ്പളം നിശ്ചയിച്ചിരുന്നത്. ശമ്പളം ലഭിക്കാതെ വരുന്നതോടെ ഭൂസംരക്ഷണസേനയിലെ അംഗങ്ങള്‍ പിരിഞ്ഞ് പൊയ്‌ക്കൊള്ളുമെന്ന കണക്കുകൂട്ടലിലാണ് ഇടത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.