പുതിയ പോര്‍മുഖം തുറന്ന് ടോമിന്‍ തച്ചങ്കരിയും സെന്‍കുമാറും

Wednesday 14 June 2017 11:29 pm IST

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചക്കളത്തിപോരാട്ടംമൂലം സംസ്ഥാന പോലീസ് ആസ്ഥാനം നാറുന്നു.സംസ്ഥാന പോലീസ് ആസ്ഥാനത്തെ രഹസ്യവിവരങ്ങള്‍ എഡിജിപി ടോമിന്‍ തച്ചങ്കരി ചോര്‍ത്തിയെന്ന ആരോപണവുമായി ഡിജിപി സെന്‍കുമാര്‍. ചോര്‍ത്തിയതെല്ലാം തച്ചങ്കരിക്കെതിരെയുള്ള രഹസ്യങ്ങളാണെന്നാണ് സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ ടോമിന്‍ തച്ചങ്കരിയാകട്ടെ മുന്‍പ് സെന്‍കുമാറിനെതിരെ സര്‍ക്കാരിന് രഹസ്യ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.പോലീസ് ആസ്ഥാനത്തു നിന്നും സെന്‍കുമാര്‍ രഹസ്യരേഖകള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നവെന്നാണ് ആ റിപ്പോര്‍ട്ടിലുള്ളത്.ഇതിനു പിന്നാലെയാണ് സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ കയ്യാങ്കളി നടത്തുംവരെ പിണറായി സര്‍ക്കാരിന്റെ ഭരണം എത്തിയതില്‍ സന്തോഷിക്കണം!മാര്‍ക്‌സിസ്റ്റ് പരികല്‍പ്പനയില്‍ പറഞ്ഞാല്‍ ഭരണകൂട ഭീകരതയുടെ ഭാഗമായ പോലീസിനെ നിര്‍വീര്യമാക്കുന്ന സോഷ്യലിസ്റ്റു സമീപനം.കരുത്തരെ നേരിടാന്‍ മനുഷ്യകവചം തീര്‍ക്കുന്നത് പണ്ടേയുള്ള രീതിയാണല്ലോ.ഡിജിപി സെന്‍കുമാറിനെ എതിരിടാന്‍ എവിടേയും എന്തിനും ഒപ്പിക്കാവുന്ന എഡിജിപി ടോമിന്‍ തച്ചങ്കരിയെ തന്നെ ഇട്ടുകൊടുത്തത് സെന്‍കുമാറിനു പണി എളുപ്പമാക്കിയിരിക്കുകയാണ്.അവിടേയും പിണറായിയുടെ ബുദ്ധിപിഴച്ചു.സെന്‍കുമാര്‍ ആരാണെന്നും തച്ചങ്കരി ആരാണെന്നു എല്ലാവര്‍ക്കുമറിയാം. കേരളത്തിലെ ഏറ്റവുംമോശം റെക്കോര്‍ഡുള്ള പോലീസ് മേധാവി ആരാണെന്നു ചോദിച്ചാല്‍ ജനം കണ്ണുംപൂട്ടി പറയുന്നപേര് ടോമിന്‍ തച്ചങ്കരി എന്നാവും.ഒത്തിരി കുറ്റാരോപണമുള്ള വ്യക്തിയാണ് തച്ചങ്കരി. അതേസമയം പോലീസ് ആസ്ഥാനത്തു ടോമിന്‍ തച്ചങ്കരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം സെന്‍കുമാര്‍ നിഷേധിച്ചു.താന്‍ താക്കീതു നല്‍കുക മാത്രമേ ചെയ്തുള്ളൂവെന്നാണ് സെന്‍കുമാര്‍ വ്യക്തമാക്കി.എന്തായാലും പോലീസ് വകുപ്പുതന്നെ രണ്ടുവിഭാഗമായി തീര്‍ന്ന അവസ്ഥയാണ്. തച്ചങ്കരിക്കാവട്ടെ പിണറായിയുടെ പൂര്‍ണ്ണ പിന്തുണയും.തമ്മില്‍ തല്ലിച്ച് ചോരകുടിക്കുന്ന മുട്ടനാടിന്റെ കഥയായിരിക്കും ഇതുകേള്‍ക്കുന്നവര്‍ക്ക് ഓര്‍മവരിക.പോലീസ് മേധാവികള്‍തന്നെ തമ്മില്‍തല്ലാകുമ്പോള്‍ എന്തു സുന്ദരമാകും സംസ്ഥാനത്തെ ക്രമസമാധാനമെന്ന് ആലോചിച്ചുനോക്കൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.