കശാപ്പ് നിയന്ത്രണം; വിജ്ഞാപനത്തിന് സ്റ്റേ ഇല്ല

Thursday 15 June 2017 11:27 pm IST

ന്യൂദല്‍ഹി: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കന്നുകാലിച്ചന്തകളില്‍ അറവുമാടുകളുടെ വില്‍പ്പന നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്റ്റേയില്ല. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. വിജ്ഞാപനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം ഹര്‍ജികളിന്മേലുള്ള നിലപാട് അറിയിക്കാനാണ് നിര്‍ദ്ദേശം. ജൂലൈ 11ന് കേസ് വീണ്ടും പരിഗണിക്കും. ബീഫ് നിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള വിജ്ഞാപനമല്ല കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ കോടതിയെ അറിയിച്ചു. കാലിച്ചന്തകള്‍ക്ക് മാത്രം ബാധകമാകുന്ന വിജ്ഞാപനമാണിത്. മാംസ വ്യാപാരം നടത്താന്‍ പ്രത്യേകം വില്‍പ്പന കേന്ദ്രങ്ങള്‍ ഉണ്ടാക്കുകയാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യം, അഡ്വ. നരസിംഹ പറഞ്ഞു. കേന്ദ്ര വിജ്ഞാപനത്തിനെതിരായ രണ്ട് ഹര്‍ജികളാണ് സുപ്രീംകോടതി അവധിക്കാല ബെഞ്ച് പരിഗണിച്ചത.് ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍, അടിയന്തരമായി വാദം കേള്‍ക്കാന്‍ വിസമ്മതിച്ച കോടതി കേന്ദ്രത്തിന് നോട്ടീസ് അയയ്ക്കുക മാത്രം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.