അക്കരെ കൊട്ടിയൂരില്‍ വന്‍ അഗ്‌നിബാധ

Friday 16 June 2017 12:52 am IST

ഇരിട്ടി: വൈശാഖോത്സവം നടക്കുന്ന അക്കരെകൊട്ടിയൂരില്‍ വന്‍ അഗ്‌നിബാധ. ചെയര്‍മാന്‍ ബാലന്‍നായരുടേതടക്കം മൂന്നു കയ്യാലകള്‍(പര്‍ണ്ണശാലകള്‍) പൂര്‍ണ്ണമായും രണ്ട് കയ്യാലകള്‍ ഭാഗികമായും കത്തി നശിച്ചു. കുളങ്ങരേത്ത്, ആക്കല്‍ തറവാട്ടുകാരുടേയും പൂവം നമ്പീശന്റെയും കയ്യാലകള്‍ പൂര്‍ണ്ണമായും, ചെയര്‍മാന്റെയും, തിട്ടയില്‍ തറവാട്ടുകാരുടെയും കയ്യാലകള്‍ ഭാഗികമായും കത്തി നശിച്ചു. താത്കാലിക വളണ്ടിയര്‍മാരുടെയും, പോലീസിന്റെയും ഭക്തജനങ്ങളുടെയും ശ്രമഫലമായി ഉടന്‍തന്നെ തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ മറ്റ് കയ്യാലകളിലേക്കു തീപടരുന്നത് ഒഴിവാക്കാനായി. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. കയ്യാലക്കകത്തെ അടുപ്പില്‍ നിന്നും തീപടര്‍ന്നതാവാം എന്നാണു പ്രാഥമിക നിഗമനം. മുളയും, ഞെട്ടിപ്പനയോലകളും മറ്റും കൊണ്ടാണ് കയ്യാലകളും പണിയുന്നത്. ക്ഷേത്രത്തിലെ വിവിധ സ്ഥാനികര്‍ക്കു പ്രത്യേകം പ്രത്യേകം കയ്യാലകള്‍ ഉണ്ടാവും. കയ്യാലകള്‍ക്കകത്ത് ഉത്സവം തുടങ്ങിയാല്‍ ഇത് കഴിയുന്നതുവരെ 27 ദിവസവും അതാതു സ്ഥാനികരും അവരുടെ ബന്ധുക്കളും മറ്റും സ്ഥിരമായി ഉണ്ടാവും. ഇവര്‍ക്ക് വിശ്രമിക്കാനുള്ള പായകളും കിടക്കകളും, ഭക്ഷണ പാത്രങ്ങളും മറ്റും ഇതിനകത്താണ് സൂക്ഷിക്കുന്നത്. തീ പിടിച്ച കയ്യാലകള്‍ക്കകത്തെ ഇത്തരം വസ്തുക്കളെല്ലാം കത്തി നശിച്ചു. തീ ആളിപ്പടരുന്നത് കണ്ടതോടെതന്നെ പോലീസും താത്കാലിക ജീവനക്കാരും തോട്ടിയും പാത്രങ്ങളും മറ്റും ഉപയോഗിച്ച് തിരുവന വച്ചിറയില്‍ നിന്നും വെള്ളമെടുത്തു തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. 15 മിനിറ്റുകൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഈ സമയത്തിനുള്ളില്‍ അഞ്ചോളം കയ്യാലകളും കത്തി നശിക്കുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ടു വളണ്ടിയര്‍മാര്‍ക്കു നിസ്സാര പരിക്കേറ്റു. അതേസമയം യുദ്ധകാലാടിസ്ഥാനത്തില്‍ വീണ്ടും കത്തിനശിച്ച കയ്യാലകളുടെ പുനര്‍ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.