ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതായി പരാതി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുന്നു

Thursday 15 June 2017 8:30 pm IST

അടൂര്‍: മഴ കനത്തതോടെ അടൂരില്‍ പനി പടര്‍ന്ന് പിടിക്കുന്നു. ദിനംപ്രതി രണ്ടായിരത്തിലധികം പേരാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്. ഇതില്‍ കൂടുതല്‍ പേരും പനി ബാധിതരാണ്. തലവേദന, ശരീരവേദന, തളര്‍ച്ച, ചര്‍ദ്ദി എന്നീ രോഗലക്ഷണങ്ങളുമായാണ് ഇവര്‍ ചികിത്സ തേടി എത്തുന്നത്. ഇവര്‍ക്ക് രണ്ട് ദിവസം മരുന്ന് നല്കും. തുടര്‍ന്ന് പനി കുറയാത്ത പക്ഷം കര്‍ശനമായി രക്ത പരിശോധന നടത്തിയ്ക്കും. മറ്റ് ജലജന്യരോഗങ്ങള്‍ ബാധിച്ചെത്തുന്നവരുടെ എണ്ണവും കുറവല്ല കൂടുതല്‍ രോഗികളെത്തിയതോടെ ഒ.പി വിഭാഗത്തില്‍ നിന്നു തിരിയാനിടമില്ലാത്ത അവസ്ഥയാണ്. ഒ.പി. ടിക്കറ്റ് എടുക്കാനുള്ള രോഗികളുടെ നിര ആശുപത്രിയ്ക്ക് പുറത്തേക്ക് നീണ്ടു. പനിബാധിതര്‍ വര്‍ദ്ധിച്ചതോടെ പനിവാര്‍ഡും ഇന്നലെ പനി ക്ലിനിക്കും ജനറല്‍ ആശുപത്രിയില്‍ തുറന്നു. വിരമിച്ച ജീവനക്കാര്‍ക്ക് പകരം ജീവനക്കാരെ നിയമിക്കാത്തത് രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒ .പി .വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ എത്താത്തതും രോഗികളെ ബുദ്ധിമുട്ടിക്കുന്നു. നൂറ് കണക്കിന് രോഗികളെ ചികിത്സിക്കാന്‍ വിരലിലെണ്ണാവുന്ന ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടാകുക. ഒ.പി. ടിക്കറ്റ് കൗണ്ടറില്‍ ജീവനക്കാരുടെ കുറവ് മൂലം ടിക്കറ്റിനായ് കാത്ത് നില്ക്കുന്നവരുടെ നിര ആശുപത്രിക്ക് പുറത്തേക്ക് നീളുന്നുണ്ട്. രണ്ട് ഹെഡ് നേഴ്‌സുമാര്‍, സ്റ്റോര്‍ സൂപ്രണ്ട്, നേഴ്‌സിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1, ഗ്രേഡ് 2 എന്നിവര്‍ കഴിഞ്ഞ 30ന് പെന്‍ഷനായി പോയിട്ടും ഒഴിവ് നികത്താന്‍ ഇതുവരെ യാതൊരു നടപടി സ്വീകരിച്ചിട്ടില്ല. 1960ലെ സ്റ്റാഫ് പാറ്റേണനുസരിച്ച് നേരത്തെയുള്ള തസ്തിക മാത്രമാണുള്ളത്. നാളേറെ കഴിഞ്ഞിട്ടും തസ്തിക കൂട്ടി ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടില്ല. ദിനംപ്രതി രണ്ടായിരത്തിലധികം പേരാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. രാവിലെ ഏഴു മുതലാരംഭിക്കുന്ന തിരക്ക് രാത്രി വരെയും ഒരു പോലെ തുടരുകയാണ്. അടൂരില്‍ പകര്‍ച്ചപ്പനിയും' ഡങ്കിപ്പനിയും പടര്‍ന്ന് പിടിക്കുമ്പോഴാണ് ജനറലാശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത്. ഓര്‍ത്തോ വിഭാഗത്തിലെ ഒരു ഡോക്ടര്‍ അടുത്തിടെ സ്ഥലം മാറിപ്പോയി. മൂന്ന് ഫിസിഷ്യന്മാര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ മൂന്ന് പേര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്. നാല് കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്ളിടത്ത് രണ്ട് പേര്‍ അവധിയിലാണ്. ഇതോടെ ഒ.പി. വിഭാഗത്തില്‍ രോഗികളുടെ തിക്കും തിരക്കുമാണ്. പനി പിടിച്ച് അവശരായി എത്തുന്നവര്‍ മണിക്കൂറോളം ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടുന്ന സ്ഥിതിയാണുള്ളത്. ഒ.പി .വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ എത്താറില്ലെന്ന് പരാതി ഉണ്ട്. ലാബ് പ്രവര്‍ത്തിക്കുന്നത് ഇടുങ്ങിയ മുറിയിലാണ് ഇത് മൂലം ലാബില്‍ എത്തുന്ന രോഗികള്‍ക്ക് നില്‍ക്കാനിടമില്ലാത്ത അവസ്ഥയാണ്. രോഗികള്‍ക്ക് പോകാനുള്ള ഇടനാഴിയിലാണ് മരുന്ന് വാങ്ങാന്‍ രോഗികള്‍ നില്ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.