അഴിമതിക്ക് മാധ്യമ മറ

Thursday 15 June 2017 10:24 pm IST

ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ നിരവധിയാണ്. അഴിമതിക്കെതിരെ പടവാളോങ്ങുകയും സമൂഹത്തെ സത്യസന്ധതയുടെയും ധാര്‍മ്മികതയുടെയും പാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടും സ്വീകരിക്കാറുണ്ട്. എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയ്, ഭാര്യയും മാനേജിംഗ് ഡയറക്ടറുമായ രാധികാ റോയ് എന്നിവര്‍ക്കെതിരായ സിബിഐ അന്വേഷണം മാധ്യമസ്വാതന്ത്ര്യത്തെ കൂട്ടുപിടിച്ച് അട്ടിമറിക്കാന്‍ ചാനല്‍ നടത്തുന്ന നീക്കം ഇത്തരം ഇരട്ടത്താപ്പുകള്‍ക്ക് ഉദാഹരണമാണ്. മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയെന്ന വിചിത്രവാദമാണ് സിബിഐ കേസിനെതിരെ ഇടത്, കോണ്‍ഗ്രസ് വക്താക്കളും ഉന്നയിക്കുന്നത്. അന്വേഷണം ചാനലിനെതിരെയല്ലെന്ന വസ്തുത മറച്ചുവെച്ചാണ് ഈ പ്രചാരണമത്രയും. ചാനലിന്റെ തലപ്പത്തിരിക്കുന്നവര്‍ നടത്തിയ അഴിമതിയും നിയമലംഘനങ്ങളുമാണ് അന്വേഷണ വിഷയം-വാര്‍ത്ത നല്‍കിയതല്ല. പ്രണോയ് റോയിയുടെ വസതിയിലും ഓഫീസിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്. ചാനലിന്റെ ഓഫീസുകളില്‍ കയറിയിട്ടില്ല. സേവന നികുതി വെട്ടിച്ചതിന് 2015ല്‍ നികേഷ് കുമാറിന്റെ 'റിപ്പോര്‍ട്ടര്‍' ചാനലിനെതിരെ നടപടിയെടുത്തപ്പോഴും ഇതേ ഇരവാദം ഉയര്‍ന്നിരുന്നു. ഒരു വര്‍ഷത്തിലധികമായി കേരളത്തിലെ കോടതികളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ട്. മന്ത്രിക്കെതിരെ വാര്‍ത്ത നല്‍കിയതിന് മാധ്യമപ്രവര്‍ത്തകരെ തുറുങ്കിലടച്ചത് കേരളത്തിലെ ഇടത് സര്‍ക്കാരാണ്. ഐസിഐസിഐ ബാങ്കിലെ വായ്പാ തിരിച്ചടവില്‍ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 48 കോടി രൂപ അനധികൃത ലാഭമുണ്ടാക്കി, ബാങ്കിംഗ് ചട്ടങ്ങളും ആര്‍ബിഐ നിര്‍ദ്ദേശവും ലംഘിച്ചു തുടങ്ങിയവയാണ് സിബിഐ എന്‍ഡിടിവിക്കെതിരെ ഉന്നയിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. പ്രണോയ് റോയിക്കും ഭാര്യ രാധികയ്ക്കും മാത്രം പങ്കാളിത്തമുള്ള ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 2008 നവംബറില്‍ ഐസിഐസിഐ ബാങ്കില്‍നിന്ന് 375 കോടി രൂപ വായ്പയെടുത്തതാണ് കേസിന്റെ തുടക്കം. എന്‍ഡിടിവിയുടെ ചെറുകിട ഓഹരികള്‍ വാങ്ങുന്നതിന് പണം സ്വരൂപിക്കുന്നതിനായാണ് റോയിയും ഭാര്യയും ആര്‍ആര്‍പിആര്‍ എന്ന കടലാസ് കമ്പനി തട്ടിക്കൂട്ടിയത്. 2008 ജൂലൈയില്‍ ഇന്ത്യ ബുള്‍സില്‍നിന്ന് കമ്പനി 501 കോടി രൂപ വായ്പയെടുത്തു. ഇത് തിരിച്ചടക്കാനായിരുന്നു ഐസിഐസിഐ ബാങ്കിലെ വായ്പ. ഈ വായ്പ തിരിച്ചുനല്‍കാന്‍ റിലയന്‍സിന്റെ അനുബന്ധ കമ്പനിയായ ഷിനാനോ റീട്ടെയിലിന് കീഴിലുള്ള വിശ്വപ്രധാന്‍ കൊമേഷ്യല്‍ പ്രൈവറ്റ് ലിമിറ്റ(വിസിപിഎല്‍) ഡില്‍നിന്ന് 403.85 കോടി രൂപ വായ്പയെടുത്തു. 19 ശതമാനം പലിശ നിരക്കിലാണ് ഐസിഐസിഐ ബാങ്ക് വായ്പ നല്‍കിയിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരും റോയിയും രാധികയും ഗൂഢാലോചന നടത്തി തിരിച്ചടവ് സമയത്ത് പലിശ 9.5 ശതമാനമാക്കി കുറച്ചു. 48 കോടി രൂപ കമ്പനിക്ക് അനധികൃത ലാഭമുണ്ടായി. ബാങ്കിന് നഷ്ടവും. സാമ്പത്തിക ലാഭത്തിന് പുറമെ ഗുരുതരമായ നിയമലംഘനങ്ങളും നടന്നു. വായ്പാ തുക ആര്‍ആര്‍പിആറിന്റെ 99.99 ശതമാനം ഓഹരികളാക്കി മാറ്റാന്‍ വിസിപിഎല്ലിന് അധികാരം നല്‍കിയാണ് കരാറൊപ്പിട്ടത്. ആര്‍ആര്‍പിആറിന് എന്‍ഡിടിവിയില്‍ 29.2 ശതമാനം ഓഹരിയുണ്ട്. ഫലത്തില്‍ വിസിപിഎല്ലിന് എന്‍ഡിടിവിയുടെ 29.2 ശതമാനം ഓഹരിയില്‍ അവകാശമുണ്ടാകും. റിയലയന്‍സിന്റെ പണം വിസിപിഎല്ലിലൂടെ ആര്‍ആര്‍പിആറിലെത്തുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. 2011-12ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വായ്പാ തുക മുഴുവന്‍ തിരിച്ചുകിട്ടിയതായും കമ്പനി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത്രയും തുക എങ്ങനെ തിരിച്ചടച്ചുവെന്ന് വ്യക്തമല്ല. ഓഹരി ഉടമയെയോ ലിസ്റ്റ് ചെയ്ത സ്റ്റോക് എക്‌സ്‌ചേഞ്ചിനെയോ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യെയോ അറിയിക്കാതെ ഓഹരികള്‍ പണയം വെക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. വായ്പയെടുക്കുന്നതിന് മുപ്പത് ശതമാനത്തിലധികം ഓഹരികള്‍ ഈടായി ബാങ്കുകള്‍ വാങ്ങാനും പാടില്ല. പ്രണോയ് റോയിയുടെയും രാധികയുടെയും ആര്‍ആര്‍പിആറിന്റെയും 61 ശതമാനം ഓഹരികള്‍ ഈടായി സ്വീകരിച്ചാണ് ഐസിഐസിഐ ബാങ്ക് വായ്പ നല്‍കിയത്. ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ 19 (2)പ്രകാരവും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 1998ല്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തിനും വിരുദ്ധമാണിത്. സ്വകാര്യ ബാങ്കിന് നഷ്ടമുണ്ടായത് സിബിഐയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന ചാനലിന്റെ ന്യായവാദം കള്ളപ്രചാരണം മാത്രമാണ്. അഴിമതി തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ സ്വകാര്യ ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്കും ബാധകമാണെന്ന് രമേഷ് ഗെല്ലി കേസില്‍ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായ്പ തിരിച്ചടച്ച വിഷയത്തില്‍ ഇപ്പോള്‍ നടപടിയെടുക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണവും വസ്തുതാ വിരുദ്ധമാണ്. ഐസിഐസിഐ ബാങ്കിന്റെയും എന്‍ഡിടിവിയുടെയും ഓഹരിയുള്ള സഞ്ജയ് ദത്തിന്റെ പരാതിയിലാണ് സിബിഐ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ഏപ്രില്‍ 28നാണ് ദത്ത് പരാതി നല്‍കിയത്. ജൂണ്‍ രണ്ടിന് കേസെടുത്തു. തനിക്ക് കൂടി ഓഹരി പങ്കാളിത്തമുള്ള സ്ഥാപനത്തിലെ ക്രമക്കേട് അന്വേഷിക്കാനാണ് ദത്ത് ആവശ്യപ്പെട്ടത്. ഇതില്‍ നിയമാനുസൃത നടപടി സ്വീകരിക്കുകയാണ് സിബിഐ ചെയ്തത്. ഇതിലെവിടെയാണ് രാഷ്ട്രീയ പകപോക്കല്‍. തട്ടിക്കൂട്ട് കമ്പനിയെ ഉപയോഗിച്ച് നടത്തിയ ദുരൂഹമായ സാമ്പത്തിക ഇടപാടുകളും നിയമലംഘനങ്ങളും അന്വേഷിക്കുന്നത് എങ്ങനെയാണ് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കലാകുന്നത്. രാജ്യത്ത് 15 ലക്ഷത്തോളം സ്വകാര്യ കമ്പനികളുണ്ട്. അതിലൊന്ന് മാത്രമാണ് എന്‍ഡിടിവി. മറ്റ് കമ്പനികള്‍ക്കുള്ള നിയമങ്ങള്‍ എന്‍ഡിടിവിക്കും ബാധകമാണ്. രാധികാ റോയി വൃന്ദാ കാരാട്ടിന്റെ സഹോദരിയാണെന്നതോ മാര്‍ക്‌സിസ്റ്റുകാര്‍ക്കും മൗദൂദികള്‍ക്കും രസിക്കുന്ന വാര്‍ത്തകള്‍ എന്‍ഡിടിവി നല്‍കുന്നതോ നിയമലംഘനത്തിനുള്ള ന്യായീകരണമല്ല. കാരാട്ടും വൃന്ദയും വിവാദ മുതലാളിയായ പ്രണോയ് റോയിയുടെ വസതിയില്‍ താമസിക്കുന്നതില്‍ സിപിഎമ്മില്‍ എതിര്‍പ്പുണ്ട്. സിബിഐക്കെതിരെ വാളെടുക്കുന്നതിന് പകരം രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളെയും തിരുത്തുന്നതാകും പാര്‍ട്ടിക്ക് നല്ലത്. മാധ്യമപ്രവര്‍ത്തനത്തെ മറയാക്കി തട്ടിപ്പ് നടത്തുന്നവരെ തുറന്നുകാണിക്കുകയാണ് മാധ്യമരംഗത്തിന്റെ ഭാവി ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യമുണ്ടെങ്കില്‍ അന്വേഷണത്തെ സ്വാഗതം ചെയ്ത് പ്രണോയ് റോയ് നിരപരാധിത്വം തെളിയിക്കണം. നരേന്ദ്ര മോദിക്കെതിരെ നുണപ്രചാരണത്തിന് ചുക്കാന്‍ പിടിച്ച ചാനലാണ് എന്‍ഡിടിവി. മോദി അന്വേഷണത്തെ എതിര്‍ക്കുകയോ ഒളിച്ചോടുകയോ ചെയ്തില്ല. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനായി അഗ്നിശുദ്ധി വരുത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. മോദിക്ക് രാഷ്ട്രീയ ധാര്‍മ്മികത ഉപദേശിച്ച പ്രണോയ് റോയിയും എന്‍ഡിടിവിയും മാധ്യമസ്വാതന്ത്ര്യത്തെ കൂട്ടുപിടിച്ച് കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിക്കുന്നിടത്ത് മടിയിലെ കനം വ്യക്തമാകുന്നുണ്ട്. ദുരൂഹമായ സാമ്പത്തിക ഇടപാടുകളുടെയും വിവാദങ്ങളുടെയും നീണ്ട ചരിത്രമാണ് എന്‍ഡിടിവിയുടെ കൈമുതല്‍. 2007ല്‍ ചാനല്‍ മുന്നൂറ് കോടിയുടെ നികുതി വെട്ടിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെതിരെ നടപടിയെടുത്ത ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ എസ്.കെ. ശ്രീവാസ്തവയെ സസ്‌പെന്റ് ചെയ്ത് ക്രൂശിക്കുകയാണ് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന പി.ചിദംബരം ചെയ്തത്. 2006 മുതല്‍ 2010 വരെയുള്ള കാലങ്ങളില്‍ മൗറീഷ്യസ്, ഇന്ത്യ, നെതര്‍ലാന്റ്, ലണ്ടന്‍, യുഎഇ, സ്വീഡന്‍ എന്നിവിടങ്ങളിലായി ഇരുപതോളം അനുബന്ധ കമ്പനികള്‍ എന്‍ഡിടിവി രൂപീകരിച്ചിരുന്നു. ഓഫീസ് പോലുമില്ലാത്ത കടലാസ് കമ്പനികളായിരുന്നു ഇവയെല്ലാം. ഇതിലൂടെ 2686 കോടി രൂപയുടെ നിക്ഷേപം സംഘടിപ്പിച്ചു. ഇത് ആദായനികുതി വകുപ്പിന്‍നിന്ന് മറച്ചുവക്കാന്‍ ശ്രമം നടത്തി. നിക്ഷേപകരുടെ വിവരങ്ങളും കൈമാറിയില്ല. വിദേശ നാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചാനലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിദേശ നിക്ഷേപം കള്ളപ്പണം വെളുപ്പിക്കലായിരുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സൂചിപ്പിക്കുന്നത്. ടു ജി സ്‌പെക്ട്രം അഴിമതിയില്‍ പി.ചിദംബരത്തിന് ലഭിച്ച പണം വിദേശ കടലാസ് കമ്പനിയിലൂടെ എന്‍ഡിടിവിയില്‍ എത്തിയതായി രാം ജേത് മലാനി, സുബ്രഹ്മണ്യം സ്വാമി തുടങ്ങിയവര്‍ ആരോപിക്കുന്നു. ചിദംബരത്തിനെതിരെ അന്വേഷണം നടക്കുന്ന എയര്‍സെല്‍ മാക്‌സിസ് അഴിമതിയുമായും ബന്ധമുണ്ടെന്നാണ് വിവരം. അഴിമതിയിലൂടെ വിവാദമായ 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പരസ്യനിര്‍മാണത്തിനും പ്രക്ഷേപണത്തിനും എന്‍ഡിടിവിക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത് നിയമാനുസൃതമായല്ലെന്ന് സിഎജി കണ്ടെത്തിയിരുന്നു. എന്‍ഡിടിവിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയായിരുന്ന ബര്‍ക്കാ ദത്ത് ടു ജി സ്‌പെക്ട്രം അഴിമതിയിലെ ഇടനിലക്കാരി നീരാ റാഡിയയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഓപ്പണ്‍ മാഗസിന്‍ പുറത്തെത്തിച്ചതും ചാനലിന് നാണക്കേടുണ്ടാക്കി. യുപിഎ ഭരണകാലത്ത് എ.രാജയെ ടെലികോം മന്ത്രിയാക്കാന്‍ നീരാ റാഡിയ നടത്തിയ ലോബീയിങ്ങിന്റെ ഭാഗമായിരുന്നു ബര്‍ക്കയും. രാജ്യത്തിന്റെ സുരക്ഷക്ക് അപകടമുണ്ടാക്കുന്ന വിധത്തില്‍ പത്താന്‍കോട്ട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തതിന് അടുത്തിടെ ചാനലിന് ഒരു ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു. കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിജയ് മല്യയുടെ ആസ്തി കണ്ടുകെട്ടുന്നതും തമിഴ്‌നാട് ചീഫ് സെക്രട്ടറിയും ലാലു പ്രസാദ് യാദവുമൊക്കെ നടപടികള്‍ നേരിടുന്നതും ഇതിന്റെ ഭാഗമാണ്. എന്‍ഡിടിവിക്കെതിരെ വലിയ നടപടികള്‍ വരാനിരിക്കുന്നതേയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.