ആവിഷ്‌കാര സ്വാതന്ത്ര്യവും അതിരുകളും

Thursday 15 June 2017 10:33 pm IST

വിദ്യാലയങ്ങള്‍ സരസ്വതീ ക്ഷേത്രങ്ങളാണെന്നാണ് സങ്കല്‍പം. ഇന്നിങ്ങനെ പറയുന്നവരെ പിന്തിരപ്പന്‍, പ്രതിലോമ, വര്‍ഗീയ കോമരങ്ങളെന്നാക്ഷേപിക്കാനാളുണ്ട്. വിദ്യാലയങ്ങള്‍ പ്രത്യേകിച്ച് ചില കലാലയങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കുന്നത് വിഘടന, വിധ്വംസക പ്രതിഭകളെയാണ്. പകയും വിദ്വേഷവും വിദ്യാര്‍ത്ഥികളില്‍ കുത്തിവയ്പിച്ച് സംഘര്‍ഷാത്മക അന്തരീക്ഷം സൃഷ്ടിക്കാന്‍ മുന്നിട്ടിറങ്ങുന്നവരില്‍ മുന്‍നിരയിലാണ് സിപിഎം വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ. അവര്‍ നയിക്കുന്ന കോളജ് യൂണിയനുകളുടെ മുഖ്യജോലി ഛിദ്രവാസനകളെ പ്രോത്സാഹിപ്പിക്കലാണ്. അതിനായി കോളജ് യൂണിയന്‍ മാഗസിനുകളെ അവര്‍ നിര്‍ലജ്ജം ഉപയോഗിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരി ബ്രണ്ണന്‍ കോളജ് മാഗസിന്‍. ദേശീയഗാനത്തെയും ദേശീയപതാകയേയും അപമാനിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാഗസിന്‍ ഒരുക്കിയത്. കോളജ് യൂണിയന്‍ പുറത്തിറക്കിയ പെല്ലറ്റ് എന്ന മാഗസിനില്‍ മയിലുകള്‍ ഇണചേരുന്നത് കാണാന്‍ വന്‍തിരക്ക്, രാജസ്ഥാന്‍ ജഡ്ജിക്ക് നന്ദി പറഞ്ഞ് പാലക്കാട്ടെ മയില്‍ സംരക്ഷണകേന്ദ്രം, പശുവിനെ വാങ്ങാന്‍ ശ്രമിച്ച മുസ്ലിം യുവാവിന് നേരെ ആക്രമണം,കാസര്‍കോട് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ, തീയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരകള്‍ക്ക് പിന്നില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രങ്ങള്‍ എന്നിവ മാഗസിനിലെ ഉള്ളടക്കത്തില്‍ ചിലതാണ്. ബ്രണ്ണന്‍ കോളജിന്റെ 125-ാം വാര്‍ഷിക ആഘോഷ പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായാണ് ഇത്തവണ മാഗസിന്‍ പുറത്തിറക്കിയത്. മാഗസിനിലെ ചിത്രത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളടക്കം പ്രതിഷേധവുമായെത്തിയതോടെ കോളേജ് അധികൃതര്‍ മാഗസിന്‍ വിതരണം നിര്‍ത്തിവച്ചു. രണ്ടുപേജ് ഒഴിവാക്കി മാഗസിന്‍ വിതരണം ചെയ്യുമെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. നല്ല ഉദ്ദേശ്യത്തോടെ പ്രസിദ്ധീകരിച്ച ചിത്രത്തെ കോളജിലെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കോളജ് യൂണിയന്‍ നല്‍കിയ വിശദീകരണമെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുടെ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുമ്പോള്‍ മാഗസിനെ ന്യായീകരിക്കുന്ന സ്വരമാണ് പുറത്തുവരുന്നത്. മാഗസിന്റെ രണ്ടുപേജ് മാത്രമല്ല, ഉള്ളടക്കം അപ്പാടേ അശ്ലീലമാണെന്ന് പറയേണ്ടിയിരിക്കുന്നു. സിനിമാ തിയറ്ററില്‍ കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം. തെരുവില്‍ മനുസ്മൃതി വായിക്കുന്ന 'രാഷ്ട്രസ്‌നേഹം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം മാഗസിനില്‍ നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ ജനനേന്ദ്രിയങ്ങളുടെ ചിത്രങ്ങളും. തിയേറ്ററില്‍ ദേശീയഗാനം ആലപിക്കണമെന്നും, ആളുകള്‍ നിര്‍ബന്ധമായും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള ഉത്തരവ് സുപ്രീംകോടതിയുടേതാണ്. ബിജെപി സര്‍ക്കാരാണ് ഈ ഉത്തരവ് നടപ്പിലാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശപ്പെട്ട ഭാഷയില്‍ പരമാര്‍ശിച്ച ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് മാഗസിനും വിവാദത്തിലായിരുന്നു. എസ്എഫ്‌ഐ യൂണിയനാണ് ശ്രീകൃഷ്ണ കോളജിലെ മാഗസിന്‍ പുറത്തിറക്കിയത്. നരേന്ദ്രമോദി അധികാരമേറ്റ് ഒന്നരമാസംപോലും തികയും മുന്‍പായിരുന്നു ഇത്. പ്രിന്‍സിപ്പലിനും 11 വിദ്യാര്‍ത്ഥിക്കും എതിരെ അതിന്റെ പേരില്‍ കേസെടുത്തു. ബ്രണ്ണന്‍ കോളേജ് പ്രശ്‌നത്തില്‍ കേസുമില്ല പ്രതികളുമില്ല. ഒട്ടും സര്‍ഗാത്മകമല്ലാത്ത മാഗസിന്‍ കണ്ടുകെട്ടാനും ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കാനും സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അത് ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിക്കേണ്ടതില്ല. രാജ്യദ്രോഹത്തെ മഹത്വവത്കരിക്കുന്നു എന്നപേരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനം വിലക്കിയ ഡോക്യുമെന്ററികള്‍ കോളജുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ എവിടെയും തടഞ്ഞിട്ടില്ലെന്നോര്‍ക്കണം. കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ടാണ് എസ്എഫ്‌ഐ അത് പ്രദര്‍ശിപ്പിക്കുന്നത്. ജെഎന്‍യുവിലെ കലാപം, ഹൈദ്രബാദ് ഐഐടിയിലെ സംഘര്‍ഷം, കശ്മീരിലെ ഒളിയുദ്ധം എന്നിവയെ ന്യായീകരിക്കുന്നതാണ് ഡോക്യുമെന്ററി. രാജ്യവ്യാപകമായി കാമ്പസുകളില്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചെങ്കിലും 'അരുത് കാട്ടാളാ' എന്നുപറയാന്‍ സിപിഎം തയ്യാറാകില്ലെന്നുറപ്പാണ്. കശ്മീര്‍ കലാപങ്ങളെ ന്യായീകരിക്കുകയും പട്ടാളത്തെ അവഹേളിക്കുന്നത് തുടരുകയും ചെയ്യുന്നവരില്‍നിന്ന് അത് പ്രതീക്ഷിക്കാന്‍ സാധിക്കില്ലല്ലോ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഡോക്യുമെന്ററി പ്രദര്‍ശന ചടങ്ങില്‍ ഒരു ഇടത് എഴുത്തുകാരന്‍ പറഞ്ഞത് ''നിരോധനങ്ങള്‍ അനുസരിക്കാനുള്ളതല്ല ലംഘിക്കാനുള്ളതാണ്''എന്നായിരുന്നു. അവര്‍ക്കങ്ങനെയാണ്. ഇരട്ടത്താപ്പ് എപ്പോള്‍ പുറത്തെടുക്കുമെന്നറിയില്ല. ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിനായി തൊണ്ട പൊട്ടുമാറുച്ചത്തില്‍ പറയും. അതേസമയം ആവിഷ്‌ക്കാരത്തെ അടിച്ചമര്‍ത്തുകയും ചെയ്യും. 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം നാട്ടുകാര്‍ കാണാതിരിക്കാന്‍ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ജനങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. കസാന്‍ദ്‌സാക്കീസിന്റെ 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം' എന്ന വിഖ്യാത നോവലിനോട് വിധേയത്വം പുലര്‍ത്തുന്ന നാടകമാണ് പി. എം. ആന്റണി രചനയും സംവിധാനവും നിര്‍വഹിച്ച 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്'. ഇസ്രയേല്‍ ജനതയുടെ വിമോചനപ്പോരാട്ടങ്ങളുടെ ചരിത്രപരമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ക്രിസ്തുവിന്റെ ക്രൂശാരോഹണത്തെ വിലയിരുത്തുന്നതാണ് നാടകം. യേശുക്രിസ്തു മഗ്ദലന മറിയത്തെ പ്രേമിച്ചതായുള്ള രംഗം ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ നടപടിയായി. താലൂക്കടിസ്ഥാനത്തില്‍ കേരളമാകെ നാടകം നിരോധിച്ചു. തിരുമുറിവിന്റെ പ്രമേയം പേരുമാറ്റി അവതരിപ്പിച്ച 'കുരിശിന്റെ വഴി' എന്ന തെരുവു നാടകവും കുരിശിലേറിയത് സര്‍ക്കാരിന്റെ മുഷ്‌ക്ക്‌കൊണ്ടായിരുന്നു. കുരിശിന്റെ വഴി ഒരുക്കിയ ജോസ് ചിറമ്മലിനെയും പത്ത് നാടക പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്തു. എല്ലാവരുടെ വികാരങ്ങളും കണക്കിലെടുക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനുണ്ട്. പക്ഷേ, ഇടതു സര്‍ക്കാരില്‍നിന്ന് അത് പ്രതീക്ഷിച്ചുകൂടെന്ന സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.