കേന്ദ്രപദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കണം: നളിന്‍കുമാര്‍ കട്ടീല്‍

Thursday 15 June 2017 10:43 pm IST

കോട്ടയം: മോദീസര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള ചുമതല ജനപ്രതിനിധികള്‍ക്കാണെന്ന് നളിന്‍കുമാര്‍ കട്ടീല്‍ എംപി പറഞ്ഞു. ബിജെപി ജനപ്രതിനിധികളുടെ യോഗം മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജന്‍ധന്‍ യോജനവഴി കുടുംബത്തിന്റെ സാമൂഹ്യസുരക്ഷ യാഥാര്‍ത്ഥ്യമാക്കിയ സര്‍ക്കാരാണിത്. പഹല്‍ പദ്ധതിയിലൂടെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കാന്‍ സാധിച്ചു. അടല്‍പെന്‍ഷന്‍ യോജന, ഭീമാ സുരക്ഷായോജന പദ്ധതികളും പാവപ്പെട്ട ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കി. ജനറിക് ഔഷധ വിപണിയിലൂടെ മരുന്നുകള്‍ വിലകുറച്ച് ലഭ്യമാക്കാന്‍ സഹായിച്ചു. പൊതുശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും വീടുകളില്‍ ശൗചാലയം നിര്‍മ്മിക്കുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ക്ക് 250 കോടി നല്‍കി. കിണറുകളും കുഴല്‍ക്കിണറുകളും നന്നാക്കുന്നതിനും കുടിവെള്ളവിതരണത്തിനും ജില്ലാ പഞ്ചായത്തുകള്‍ക്ക് 80 കോടിവീതം നല്‍കി. കൃഷി സഞ്ചായന്‍ യോജന, ഫസല്‍ യോജന ഇവയെല്ലാം കൃഷിക്കാര്‍ക്കും വ്യവസായ സംരംഭകര്‍ക്കും പ്രയോജനകരമായി. ഇങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷം മോദിസര്‍ക്കാര്‍ ഭരിച്ചത്. ഇക്കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍ സാധിച്ചാല്‍ കേരളത്തില്‍നിന്നും നിരവധി പാര്‍ലമെന്റംഗങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് അഡ്വ. ജയസൂര്യന്‍, മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ. എന്‍.കെ.നാരായണന്‍ നമ്പൂതിരി, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം.വേലായുധന്‍, ജില്ലാ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ലാല്‍, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജി.രമേശ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.