മല്ല്യ: കേസ് രേഖകള്‍ നല്‍കാന്‍ വൈകിയില്ലെന്ന് സിബിഐ

Thursday 15 June 2017 11:17 pm IST

ന്യൂദല്‍ഹി: വിജയ് മല്ല്യയുമായി ബന്ധപ്പെട്ട കേസിന്റെ രേഖകള്‍ ലണ്ടനിലെ കോടതിയില്‍ നല്‍കാന്‍ വൈകിയെന്ന വാര്‍ത്ത നിഷേധിച്ച് സിബിഐ. കേസ് പരിഗണിച്ച ജൂണ്‍ 13ന് മുമ്പായിത്തന്നെ കേസ് രേഖകളും അനുബന്ധ രേഖകളും ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിന് നല്‍കിയിരുന്നതായി സിബിഐ വ്യക്തമാക്കി. കേസ് രേഖകള്‍ നല്‍കാന്‍ ഇന്ത്യ വൈകിയെന്ന് ലണ്ടന്‍ കോടതി ജഡ്ജി പരാമര്‍ശം നടത്തിയെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് സിബിഐ പ്രതികരണം. ജൂണ്‍ 13ന് മല്ല്യയുടെ നാടുകടത്തല്‍ കേസല്ല കോടതി പരിഗണിച്ചതെന്ന് സിബിഐ വക്താവ് ആര്‍.കെ ഗൗ ര്‍ പറഞ്ഞു. കേസിലെ പൊതുവെയുള്ള കാര്യങ്ങളാണ് അന്ന് പരിഗണിച്ചത്. നാടുകടത്തല്‍ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ തീയതിയും മറ്റും നിശ്ചയിക്കാനായിരുന്നു കോടതി ചേര്‍ന്നത്. 900 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലെ പ്രധാന കുറ്റപത്രം, അനുബന്ധ കുറ്റപത്രം, മല്യയെ നാടുകടത്തണമെന്ന അപേക്ഷ, ഇന്ത്യന്‍ കോടതികളിലെ ജാമ്യമില്ലാ വാറണ്ടുകള്‍, സിബിഐ സത്യവാങ്മൂലം, മറ്റു തെളിവുകള്‍, മല്യ സമര്‍പ്പിച്ച വ്യാജ സത്യവാങ്മൂലങ്ങള്‍ തുടങ്ങിയ എല്ലാ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് നടപടികള്‍ വൈകുന്നുവെന്ന് മല്ല്യയുടെ അഭിഭാഷകനാണ് പരാമര്‍ശം നടത്തിയത്. കോടതി അത്തരത്തിലൊരു വാക്കും ഉപയോഗിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ടെന്നും സിബിഐ വക്താവ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.