പനി പടരുന്നു; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം

Thursday 15 June 2017 11:27 pm IST

നാദാപുരം: വളയം വാണിമേല്‍, പാറക്കടവ് എന്നീ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഇന്നലെ മാത്രം പനിക്ക് ചികിത്സതേടി അറന്നൂറോളം പേര്‍ എത്തി. നാദാപുരം താലൂക്ക് ആശുപത്രിയിലും വാടകര ജില്ലാ ആശുപത്രിയിലുമായി വിദ്യാര്‍ത്ഥികള്‍ അടക്കം ഇരുപതിലേറെ രോഗികള്‍ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് വീടുകള്‍ തോറും കയറി ബോധവല്‍ക്കരണം നടത്തുത്തുകയും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും പനി പിടിപെട്ട് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം ദിവസം തോറും കൂടി വരികയാണ്. വളയം മേഖലയില്‍ ഡെങ്കിപ്പനി പിടിപെട്ട് ചികിത്സയില്‍ നാല്പതോളം പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗ്രാമപ്രദേശങ്ങളില്‍ ഇത്തരം പനി കൂടാന്‍ കാരണം ഒഴിഞ്ഞ പറമ്പുകളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതാണെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. വേളം: ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധികളും വ്യാപകമായ വേളം ഗ്രാമ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പനിബാധിച്ച് പെരുവയലില്‍ ഒരാള്‍ മരിച്ചിരുന്നു. ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചപ്പനിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത ചോയിമഠം കേന്ദ്രമാക്കി നാലു വാര്‍ഡുകളിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. മെഡിക്കല്‍ ക്യാമ്പ്്, ശുചീകരണം, ഡെങ്കിപ്പനി കൊതുക് നിവാരണ ബോധവല്‍ക്കരണം എന്നിവ സജീവമാക്കി. ചോയിമഠത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിന് ഡോക്ടര്‍ ദര്‍ശന്‍ നാരായണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.