ജില്ലയില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്

Thursday 15 June 2017 11:38 pm IST

മാനന്തവാടി: ജില്ലയില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ പനി ബാധിച്ചവരുടെ എണ്ണം69000 ആയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പനി ബാധിച്ചത് 52291 പേര്‍ക്കായിരുന്നു. കാലവര്‍ഷം ആരംഭിച്ച ജൂണ്‍ ഒന്ന് മുതല്‍ 12 വരെ പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത് 6285 പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടിയാകുമ്പോള്‍ ഇത് ഇരട്ടിയാകും. 2016 ജനുവരി മുതല്‍ ജൂണ്‍ വരെ 70 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. 2017-ല്‍ രോഗബാധിതരുടെ എണ്ണം 84 ആയി. ജൂണ്‍ മാസത്തില്‍ മാത്രം 20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എച്ച്.വണ്‍.എന്‍.വണ്‍ 2016ല്‍ രണ്ടു കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം 86 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഒരു മരണം സംഭവിക്കുകയും ചെയ്തു. ഈ വര്‍ഷം ജൂണില്‍ മാത്രം എട്ട് രോഗബാധിതര്‍ ചികിത്സ തേടി, ഡിഫ്തീരിയ ബാധിതരുടെ എണ്ണം 2016-ല്‍ ഒന്ന് മാത്രമായിരുന്നുവെങ്കില്‍ ഈ വര്‍ഷം രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒമ്പതു പേര്‍ക്ക് ഡിഫ്തീരിയ ബാധിച്ചതായി പരിശോധന ഫലങ്ങള്‍ ലഭിച്ചപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. ജൂണില്‍ മാത്രം അഞ്ച് ഡിഫ്തീതീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2016-ല്‍ 89 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതെങ്കില്‍ ഈ വര്‍ഷം 407 പേര്‍ക്ക് രോഗം കണ്ടെത്തി. ആറു മരണങ്ങള്‍ സംഭവിക്കുകയും ചെയ്തു. ജൂണില്‍ മാത്രം 31 പേര്‍ മഞ്ഞപിത്തം ബാധിച്ച് ചികിത്സ തേടി. പനി ബാധിച്ച് തിരുനെല്ലി ആശ്രമം എല്‍.പി. സ്‌കൂളിലെ 14 വിദ്യാഥത്ഥികളാണ് ചൊവ്വാഴ്ച ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. ഡിഫ്തീരിയ, എച്ച്.വണ്‍.എന്‍.വണ്‍ ബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വീടുകളും കേന്ദ്രീകരിച്ച് പനി സര്‍വ്വേ ആരംഭിച്ചു. ഒരു ആരോഗ്യ വകുപ്പ് ജീവനക്കാരന്‍, ഒരു ആശാവര്‍ക്കര്‍ അല്ലെങ്കില്‍ അംഗന്‍വാടി വര്‍ക്കര്‍. സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘം ഒരാഴ്ചക്കുള്ളില്‍ സര്‍വ്വേ പൂര്‍ത്തിയാക്കും. സംശയകരമായ രീതിയിലുള്ള രോഗികളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധന നടത്തി ചികിത്സക്ക് കൊണ്ട് പോകുമെന്നും എച്ച്.വണ്‍.എന്‍.വണ്‍ കേസുകളില്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ക്ലാസുകള്‍ നല്‍കിയതായും ഡി.എസ്.ഒ. ഡോ. വി. ജിതേഷ് അറിയിച്ചു.മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെല്ലിന്റെ പ്രവര്‍ത്തനം സൂപ്രണ്ടിന്റെ അധ്യക്ഷതയില്‍ വിലയിരുത്തി. പ്രകൃതിക്ഷോഭം, പകര്‍ച്ചവ്യാധികള്‍ മറ്റ് പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ അടിയന്തിര പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി വേണ്ട ക്രമീകരണങ്ങള്‍ സെല്ലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പനി ക്ലിനിക്, പനി വാര്‍ഡ്, ആവശ്യമായ മരുന്നുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഡോ.ഷാജിയാണ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെല്‍ നോഡല്‍ ഓഫീസര്‍ .ഫോണ്‍ 04935 240600

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.