മെട്രോ ഉദ്ഘാടനം നാളെ; കൊച്ചി സുരക്ഷാ വലയത്തില്‍

Friday 16 June 2017 9:14 am IST

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ മെട്രോയ്‌ക്കൊപ്പം ഇനി കൊച്ചി കുതിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ 11ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മോദിയുടെ വരവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി. എസ്പിജിയുടെ നിരീക്ഷണത്തിന് പുറമെ 2000 പോലീസുകാരെയും സുരക്ഷയ്ക്കായി നിയമിച്ചു. പ്രധാനമന്ത്രി എത്തുന്ന വില്ലിങ്ടണ്‍ ഐലന്റിലെ നാവിക വിമാനത്താവളത്തില്‍ നിന്ന് പാലാരിവട്ടം സ്റ്റേഷന്‍ വരെ കനത്ത സുരക്ഷയൊരുക്കും. നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജങ്ഷന്‍, ബിടിഎച്ച്, മേനക, ഹൈക്കോടതി, കലൂര്‍, പാലാരിവട്ടം എന്നിവിടങ്ങള്‍ വരെ 17ന് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഗതാഗത നിയന്ത്രണവുമേര്‍പ്പെടുത്തി. രാവിലെ അഞ്ചുമുതല്‍ പ്രധാനമന്ത്രി മടങ്ങുന്നതുവരെ പാര്‍ക്കിങ് അനുവദിക്കില്ല. വഴിയോര കച്ചവടങ്ങള്‍ ഇന്ന് മുതല്‍ നിരോധിച്ചു. നാവിക വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രി ആദ്യം പാലാരിവട്ടം സ്റ്റേഷനിലാണ് എത്തുന്നത്. ഇവിടെ നിന്ന് പത്തടിപ്പാലം വരെ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യും. തുടര്‍ന്ന് പാലാരിവട്ടത്ത് എത്തി ഉദ്ഘാടന വേദിയായ കലൂര്‍ സ്റ്റേഡിയത്തിലേക്ക് പോകും. സുരക്ഷയുടെ ഭാഗമായി 3500 പേര്‍ക്ക് മാത്രമാണ് പ്രവേശനം. തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവയുള്ളവരെ മാത്രമേ അകത്തേക്ക് കടത്തിവിടൂ. ബാഗ്, മൊബൈല്‍ ഫോണ്‍, കുപ്പിവെള്ളം എന്നിവയും അകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. നിരീക്ഷണ ക്യാമറകളും ഉദ്ഘാടന വേദികളില്‍ സ്ഥാപിച്ചിട്ടുണ്ട്. മെട്രോ സ്‌റ്റേഷനുകളില്‍ സുരക്ഷാ കാവല്‍ ആരംഭിച്ചിട്ടുണ്ട്. മെട്രോ ഉദ്ഘാടന ശേഷം സെന്റ് തെരേസാസ് കോളേജിലെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. വിവാദങ്ങള്‍ക്കിടെ മെട്രോ പരിശോധിച്ച് ഇ. ശ്രീധരന്‍ കൊച്ചി: ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷ(ഡിഎംആര്‍സി)ന്റെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. ഇന്നലെ രാവിലെ എട്ടുമുതല്‍ 10വരെ പാലാരിവട്ടം മുതല്‍ ആലുവ വരെ യാത്ര ചെയ്തായിരുന്നു ശ്രീധരന്റെ പരിശോധന. മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നടക്കുന്നതിനിടെ, അതൊന്നും കൂസാതെയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. മെട്രോ ട്രെയിന്‍ നാളെ രാവിലെ 11ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായിട്ടായിരുന്നു ശ്രീധരന്റെ പരിശോധന. കൊച്ചി മെട്രോയുടെ പണികള്‍ക്ക് ഡിഎംആര്‍സിയാണ് മേല്‍നോട്ടം വഹിക്കുന്നത്. മെട്രോ സ്‌റ്റേഷനിലെയും ട്രെയിനിലെയും പരിശോധനയ്ക്കുശേഷം ഡിഎംആര്‍സിയുടെ കൊച്ചി ഓഫീസിലേക്ക് അദ്ദേഹം പോയി. തുടര്‍ന്ന് മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചു. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള മെട്രോയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മഹാരാജാസ് കോളേജ് മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെയുള്ള പണി ടെന്‍ഡര്‍ ചെയ്യുന്നതിനുള്ള അന്തിമ നടപടിയുമായി ഡിഎംആര്‍സി മുന്നോട്ടുപോകുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം കൊച്ചി: മെട്രോ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നതില്‍ തനിക്ക് വിഷമമില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനമെന്നും ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. 'മെട്രോയുടെ പണി നടത്തുന്നത് ഞാനല്ലേ, അതുകൊണ്ട് എന്നെ ക്ഷണിക്കേണ്ട ആവശ്യമില്ല. വെറുതെ വിവാദമുണ്ടാക്കരുത്'. ക്ഷണിച്ചാല്‍ ഉദ്ഘാടന വേദിയിലെത്തുമെന്നും ശ്രീധരന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.