അനധികൃത മത്സ്യബന്ധനം: നഷ്ടം അന്വേഷിക്കണം- ഹൈക്കോടതി

Friday 16 June 2017 1:03 am IST

കൊച്ചി: വിദേശ ട്രോളറുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നതുമൂലമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇന്ത്യന്‍ കമ്പനികളുടെ പേരില്‍ വിദേശ ട്രോളറുകള്‍ നിയമ വിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി എംകെ സലിം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേന്ദ്ര കൃഷി മന്ത്രാലയം ഇക്കാര്യം പഠിക്കാനായി പ്രത്യേക കമ്മിറ്റിയുണ്ടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രത്യേക കമ്മിറ്റി ആറുമാസത്തിനുള്ളില്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കുകയും റിപ്പോര്‍ട്ട് മന്ത്രലായത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി വേണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളുടെ പേരില്‍ വിദേശ ട്രോളറുകള്‍ക്ക് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി പത്രം നല്‍കുന്നത് വഴി രാജ്യത്തിന് പ്രതിവര്‍ഷം 50 ലക്ഷം ഡോളറാണ് നഷ്ടമാകുന്നതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.