പ്രധാനമന്ത്രിയെ അവഹേളിച്ച് മന്ത്രി മണി

Friday 16 June 2017 1:18 am IST

കൊല്ലം: മന്ത്രിയായതിന്റെ ശമ്പളം വൈകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എം.എം. മണി. പ്രധാനമന്ത്രി വട്ടുകേസാണെന്നും തലയ്ക്ക് ബോധമില്ലാത്ത പണിയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു മണിയുടെ ആക്രോശം. കൊല്ലത്ത് പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അവഹേളനം. ''നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ എംഎല്‍എയാ. പിന്നെ മന്ത്രിയായി. മന്ത്രിയെന്ന നിലയില്‍ എന്റെ ശമ്പളം കിട്ടിയത് മൂന്നാഴ്ച കൊണ്ടാണ്. തലയ്ക്ക് നല്ല സ്വബോധമില്ലാത്ത പണിയാണ് ഈ ചെയ്തുകൊണ്ടിരിക്കുന്നതെന്ന കാര്യത്തില്‍ വല്ല തര്‍ക്കവുമുണ്ടോ? രാജ്യത്ത് ഗുരുതരമായ സ്ഥിതിയാണ്. നവംബര്‍ എട്ടിന് എല്ലാവരുംകൂടി നമ്മളെയങ്ങ് നന്നാക്കി. രാജ്യത്ത് നിലനിന്നിരുന്ന 84 ശതമാനം നോട്ടുമങ്ങ് നിരോധിച്ചു. 15 ലക്ഷം കോടി രൂപയുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടാണ് പിന്‍വലിച്ചത്. 24 മണിക്കൂറ് കൊണ്ട് എല്ലാം തീര്‍ക്കുമെന്നാണ് പ്രധാനമന്ത്രി ആദ്യം പറഞ്ഞത്. 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ഒരു അന്‍പത് ദിവസം താ. അമ്പത് ദിവസം കൊണ്ട് ശരിയല്ലെങ്കില്‍ നിങ്ങള്‍ എന്നെയങ്ങ് കൊന്നോളാന്‍ ജനങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയെ കൊല്ലാന്‍... എന്തൊരു ഏര്‍പ്പാടാണ്. വട്ട് കേസാണെന്നാണ് എന്റെ അഭിപ്രായം.'' പ്രസംഗത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ ഗോവധനിരോധനം കൊണ്ടുവന്നിരിക്കുകയാണെന്നും മണി തട്ടിവിട്ടു. ''എതോ കോടതി പറഞ്ഞുവെന്നു പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന നിയമം ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്,'' മണി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.