ഹൈമാസ്റ്റ് ലൈറ്റ് നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ രംഗത്ത

Friday 16 June 2017 11:15 am IST

പൂക്കോട്ടുംപാടം: മലയോരപാത തടസ്സപ്പെടുത്തികൊണ്ട് പൂക്കോട്ടുംപാടം ടൗണില്‍ ഹൈമാസ്റ്റ് ലൈറ്റ് നിര്‍മ്മിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. പൊതുവെ വീതി കുറഞ്ഞ റോഡായ ചുള്ളിയോട് ജംഗ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ കടയോട് ചേര്‍ന്നാണ് ലൈറ്റ് സ്ഥാപിക്കുന്നത്. എന്നാല്‍ ഇത് നിര്‍ദ്ദിഷ്ട വഴിക്കടവ്-പൂക്കോട്ടുംപാടം മലയോരപാതയ്ക്ക് തടസ്സമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രവൃത്തി വിവാദമായതോടെ പഞ്ചായത്ത് അംഗങ്ങളായ വിനോദ് ജോസഫ്, അനീഷ് കവളമുക്കട്ട, ഒടുങ്ങില്‍ ഷാജി തുടങ്ങിയവര്‍ സ്ഥലത്തെത്തി നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗ തീരുമാനപ്രകാരം അധികൃതര്‍ അടയാളപ്പെടുത്തിയ സ്ഥലത്തല്ല നിര്‍മ്മാണമെന്നും, ചില സ്വകാര്യ വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കാനാണ് ലൈറ്റ് സ്ഥാപിച്ചതെന്നും ഇടതുപക്ഷം ആരോപിച്ചു. 13 ലക്ഷം രൂപ ചെലവഴിച്ചാണ് പൂക്കോട്ടുംപാടം അങ്ങാടിയില്‍ ഒരു ഹൈമാസ്റ്റ് ലൈറ്റും, അഞ്ച് മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കുന്നത്. ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ലൈറ്റിന്റെ പണിപൂര്‍ത്തിയാവുന്നതോടെ സമീപത്തുള്ള തണല്‍ മരവും മുറിച്ചു മാറ്റേണ്ടതായി വരും. വളരെക്കാലം മുമ്പ് പാസാക്കിയ ഫണ്ട് ലാപ്സാകും എന്നതിന്റെ പേരിലാണ് അടിയന്തിര നിര്‍മ്മാണം നടത്തുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.