ഡ്യൂട്ടി പരിഷ്‌കരണം വിനയായി; മലയോരമേഖലയിലേക്ക് ബസ്സില്ല

Friday 16 June 2017 7:26 pm IST

  പത്തനംതിട്ട: കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതോടെ മലയോര മേഖലയിലേക്കുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദായി. ഒരു ബസ് മാത്രമുള്ള റൂട്ടുകളെയാണ് ഡ്യൂട്ടി പരിഷ്‌കരണം ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ജീവനക്കാരുടെ ഡ്യൂട്ടി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണെങ്കിലും കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തെ ഷെഡ്യൂള്‍ പരിഷ്‌കരണം കാര്യമായി ബാധിക്കും. ബസുകള്‍ കൂടുതലുള്ള റൂട്ടുകളിലേക്കാണ് പലതും പുനഃക്രമീകരിച്ചിരിക്കുന്നത്. പത്തനംതിട്ട ഡിപ്പോയില്‍ 11 ഷെഡ്യൂളുകളാണ് ഒറ്റ ഡ്യൂട്ടിയാക്കിയിരിക്കുന്നത്. ആറര മണിക്കൂര്‍ വരെയുള്ള ജോലി ഒറ്റ ഡ്യൂട്ടിയായും 10 മണിക്കൂര്‍ വരെയുള്ളത് ഒന്നര ഡ്യൂട്ടിയായും മാറി. 13 മണിക്കൂര്‍ വരെ ഡ്യൂട്ടിയുള്ളവര്‍ക്കു മാത്രമേ രണ്ട് ഡ്യൂട്ടി ലഭിക്കുകയുള്ളൂ. തുടര്‍ച്ചയായ 13 മണിക്കൂര്‍ ഡ്യൂട്ടി ഒഴിവാക്കാനാണ് ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത്. ഉള്‍പ്രദേശങ്ങളിലേക്കുള്ള ഏക ബസ് സര്‍വീസുകളാണ് ഇതിന്റെ ഭാഗമായി ഇല്ലാതാക്കിയതെന്നതും ശ്രദ്ധേയമാണ്. ചെയിന്‍ സര്‍വീസുകളും ദേശസാല്‍കൃത റൂട്ടുകളിലെ സര്‍വീസുകളും തൊടേണ്ടതില്ലെന്ന നിര്‍ദേശത്തേ തുടര്‍ന്നാണ് ഓര്‍ഡിനറി സര്‍വീസുകളിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള ട്രിപ്പുകള്‍ വെട്ടിക്കുറച്ചത്. പത്തനംതിട്ടയില്‍ നിന്നു രാവിലെ 6.10ന് പുറപ്പെട്ടിരുന്ന മണ്ണീറ, 5.50 വല്യയന്തി, കടമ്മനിട്ട വഴി ചെങ്ങന്നൂര്‍, ആറിനുള്ള കുളത്തുമണ്‍, കുമ്പളത്താമണ്‍ വഴിയുള്ള മാമ്പാറ, 5.30 കല്ലേലി വഴിയുള്ള കോട്ടാംപാറ, 11.20- കരിമാന്‍തോട്, 6.30 - പൂക്കോട് വഴി തിരുവല്ല, 11.40-ആങ്ങമൂഴി, 10.20 ഊട്ടുപാറ സര്‍ക്കുലര്‍, രാവിലെ ആറിന് കവിയൂര്‍, കുന്നന്താനം വഴിയുണ്ടായിരുന്ന കോട്ടയം, ആറിന് ഓമല്ലൂര്‍, ചീക്കനാല്‍ വഴിയുണ്ടായിരുന്ന പന്തളം എന്നിവയാണ് പരിഷ്‌കരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.