വായന വാരാചരണം ജില്ലയിലെ ഉദ്ഘാടനം 19ന്

Friday 16 June 2017 7:29 pm IST

പത്തനംതിട്ട: വായന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ 11ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജലവിഭവ മന്ത്രി മാത്യു ടി.തോമസ് നിര്‍വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയും ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമൂഹത്തില്‍ വായനാശീലവും അവബോധവും വളര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വായന വാരാഘോഷം 19 മുതല്‍ 25 വരെ വിവിധ പരിപാടികളോടെ ജില്ലയില്‍ നടക്കും. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 19ന് പ്രത്യേക വായനദിന പ്രതിജ്ഞ ചൊല്ലും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ വായനാനുഭവം പങ്കുവയ്ക്കലും വിവിധ കലാപരിപാടികളും നടക്കും. വാരാചരണത്തിന്റെ ഭാഗമായി ബുക്ക് മാര്‍ക്കിന്റെ പുസ്തക വണ്ടി ജില്ലയില്‍ പര്യടനം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 'വായനയ്ക്ക് ഒരു ഇടം' ഒരുക്കും. പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും പരിചയപ്പെടാനും വാങ്ങാനുമുള്ള സൗകര്യങ്ങളുമുണ്ടായിരിക്കും. വായന വാരാചരണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ അധീനതയിലുള്ള വയലത്തല വൃദ്ധ സദനത്തില്‍ വായനശാല രൂപീകരിക്കുന്നതിനുള്ള സന്നദ്ധത സാമൂഹ്യ പ്രവര്‍ത്തക ഡോ.എം.എസ് സുനില്‍ അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ 20 വായനശാലകള്‍ തുടങ്ങുന്നതിന് മുന്‍കൈ എടുത്ത ഡോ.എം.എസ് സുനിലിന്റെ ഇരുപത്തിയൊന്നാമത്തെ സംരംഭമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.