കുഞ്ഞുങ്ങളെ ആര് സംരക്ഷിക്കും?

Friday 16 June 2017 9:01 pm IST

കാണാതാകുന്ന കുട്ടികള്‍ കേരളത്തിന്റെ ഒരു സാമൂഹ്യ പ്രശ്‌നമായി വളരുകയാണ്. കഴിഞ്ഞവര്‍ഷം ഏറ്റവുമധികം കാണാതായത് പെണ്‍കുട്ടികളെയാണ്. കാണാതാകുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണെന്നു മുഖ്യമന്ത്രിയും സമ്മതിക്കുന്നു. കഴിഞ്ഞ വര്‍ഷം കാണാതായ കുട്ടികളുടെ എണ്ണം 1194. അവരില്‍ 1142 പേരെ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് കഴിഞ്ഞ ഒക്ടോബറില്‍ മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കുകയുണ്ടായി. 2011 ല്‍ 952 കുട്ടികളെ കാണാതായപ്പോള്‍ 2013 ല്‍ 1208 കുട്ടികളെയാണ് കാണാതായത്. 2014 ല്‍ 1229 ഉം 2015 ല്‍ 1630 ഉം കുട്ടികളെയാണ് കാണാതായത്. സ്ത്രീപീഡനത്തോടൊപ്പം ഭീതിദമായ ഒരവസ്ഥാവിശേഷം. പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാകുന്ന നരാധമന്മാര്‍ അവരെ കൊലചെയ്യുന്നതിനും മടി കാണിക്കുന്നില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചു മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം വ്യാപകമാകുന്നതായി കഴിഞ്ഞവര്‍ഷംതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുട്ടികളെ മയക്കുമരുന്നിലേക്കും മദ്യത്തിലേക്കും ആകര്‍ഷിക്കുന്ന സംഘങ്ങള്‍ അവരെ തട്ടിക്കൊണ്ടുപോകാനും മടികാട്ടുന്നില്ല എന്നുവേണം അനുമാനിക്കാന്‍. കുട്ടികളുടെ സംരക്ഷണത്തിനായി 'ഓപ്പറേഷന്‍ വാത്സല്യ', 'ഓപ്പറേഷന്‍ സ്‌മൈല്‍' എന്നിങ്ങനെ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയിട്ടുണ്ടെങ്കിലും അവയൊന്നും ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ല. പോലീസിന്റെ സാധാരണ ചുമതലകള്‍ നിര്‍വഹിക്കാന്‍ പോലും അംഗബലം തികയാതെവരുമ്പോള്‍ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിയാതെ വരുന്നു. പോലീസ് ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സ്‌കൂളുകള്‍ക്കും കഴിയുന്നില്ല. ഇവിടെയാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്തം ഏറുന്നത്. വിദ്യാര്‍ഥി പോലീസ്, സ്‌കൂള്‍ സുരക്ഷാ സംഘങ്ങള്‍ എന്നിവ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥി സംരക്ഷണത്തിനായി ആരംഭിച്ച പദ്ധതികളാണ്. എന്നാല്‍ ഇവ കാര്യക്ഷമമായി നടക്കുന്നില്ല. സ്വകാര്യ സ്‌കൂളുകള്‍ ഇവയുമായി തീരെ സഹകരിക്കുന്നില്ല എന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി കൂടുതല്‍ പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് പോലീസ് വകുപ്പ് എന്ന് പറയുന്നുണ്ട്. എല്ലാ പ്രധാനപ്പെട്ട സ്‌കൂളുകളുടെയും മുന്നില്‍ രാവിലെയും വൈകുന്നേരവും പോലീസിനെ നിയോഗിക്കാനും കുട്ടികളെയും അവര്‍ ഇടപെടുന്ന ആളുകളെയും നിരീക്ഷിക്കാനും 'ഷാഡോ' പോലീസിനെ ചുമതലപ്പെടുത്താനും പോലീസ് വകുപ്പ് ആലോചിക്കുന്നു. എന്നാല്‍ ഗ്രാമങ്ങളിലെയും ഉള്‍പ്രദേശങ്ങളിലെയും സ്‌കൂളുകളില്‍ ഇതെത്രത്തോളം പ്രായോഗികമാക്കാനൊക്കും എന്ന കാര്യത്തില്‍ വകുപ്പിന് സന്ദേഹമില്ലാതില്ല. സാമൂഹ്യ വിരുദ്ധരുമായുള്ള കുട്ടികളുടെ സഹകരണം തടയുവാനും കുട്ടികളില്‍ കൂടുതല്‍ ഉത്തരവാദിത്ത ബോധം വളര്‍ത്തുവാനും രൂപീകരിച്ച ഒആര്‍സി പദ്ധതി കൂടുതല്‍ ശക്തമാക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതത്വത്തിനായി കൂടുതല്‍ കാവല്‍ക്കാരെ നിയമിക്കുന്നതിനും സ്‌കൂളിനുള്ളില്‍ മറ്റുള്ളവരുടെ പ്രവേശനം നിയന്ത്രിക്കുന്നതിനും സ്വകാര്യ സ്‌കൂളുകള്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പഞ്ചിങ് കാര്‍ഡ്, ഫിംഗര്‍ പ്രിന്റ,് ടൂ വേ ഫോണ്‍ എന്നീ സംവിധാനങ്ങള്‍ വ്യാപകമാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളും, കുട്ടി സമയത്തിന് സ്‌കൂളില്‍ എത്തിയിട്ടില്ലെങ്കില്‍ രക്ഷിതാക്കളെ അറിയിക്കുന്നതിനുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും പല സ്വകാര്യ സ്‌കൂളുകളും പദ്ധതിയിടുന്നുണ്ട്. ബഹുഭൂരിപക്ഷം സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്തൊക്കെ സംവിധാനങ്ങളാണ് നടപ്പാക്കുക എന്നത് വളരെ പ്രധാനമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ തീര്‍ച്ചയായും രക്ഷിതാക്കളും ദത്തശ്രദ്ധരായിരിക്കുക എന്നത് വളരെ പ്രധാനമാണ്. വരും തലമുറയുടെ സംരക്ഷണത്തിനായി സന്നദ്ധ സംഘടനകള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അതിനായി പൊതുജന പോലീസിന്റെ പുതിയൊരു വിഭാഗത്തെ സജ്ജരാക്കുവാന്‍ സന്നദ്ധസംഘടനകള്‍ പോലീസ് വകുപ്പിന്റെ സഹകരണത്തോടെ മുന്നിട്ടിറങ്ങേണ്ട സമയമായി. റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന, ആരോഗ്യവും സന്മനോഭാവവുമുള്ള ആളുകളെ ഇതിനായി കണ്ടെത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റളവില്‍, തെരഞ്ഞെടുക്കപ്പെടുന്ന ആളുകളെ രഹസ്യപ്പോലീസ് മാതൃകയില്‍ നിയോഗിക്കുന്നതിനെക്കുറിച്ചു സര്‍ക്കാരിന് ആലോചിക്കാവുന്നതാണ്. വരുംതലമുറയെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം തുറന്ന മനസ്സോടെ സ്വീകരിക്കുവാന്‍ സന്മനസ്സുള്ളവര്‍ മുന്നിട്ടിറങ്ങണം. ശരിയായ നിരീക്ഷണത്തിലൂടെ, തെരഞ്ഞെടുക്കപ്പെട്ട ആളുകളെ കുട്ടികളുടെ ഇടയിലും സ്‌കൂള്‍ പരിസരങ്ങളിലും നിയോഗിക്കുന്നതിലൂടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നുഴഞ്ഞുകയറി മയക്കുമരുന്നും മദ്യവും വില്‍പ്പന നടത്തുന്ന സംഘങ്ങളെ കണ്ടുപിടിക്കാനും നിയന്ത്രിക്കാനും കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.