കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍; വന്‍കരകളുടെ പോരാട്ടം ഇന്ന് മുതല്‍

Friday 16 June 2017 9:42 pm IST

മോസ്‌കോ: അടുത്ത വര്‍ഷത്തെ ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായുള്ള കോണ്‍ഫെഡറേഷന്‍ കപ്പിന് ഇന്ന് തുടക്കം. ഇന്നത്തെ ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. രാത്രി 8.30ന് കിക്കോഫ്. ആദ്യമായാണ് റഷ്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്ന് ഒരു മത്സരം മത്രമാണുള്ളത്. നാല് വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ആതിഥേയരെന്ന നിലയില്‍ റഷ്യ, കഴിഞ്ഞ ലോകകപ്പിലെ ജേതാക്കളായ ജര്‍മ്മനി, ഏഷ്യന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ, ലാറ്റിനമേരിക്കയില്‍ നിന്ന് കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി, കോണ്‍കാകാഫ് മേഖലയില്‍ നിന്ന് മെക്‌സിക്കോ, ഒഎഫ്‌സി നാഷന്‍സ് കപ്പ് ജേതാക്കളായ ന്യൂസിലാന്‍ഡ്, 2016ലെ യൂറോകപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍, ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ജേതാക്കളായ കാമറൂണ്‍ എന്നീ ടീമുകളാണ് വന്‍കരയിലെ വമ്പന്മാരുടെ ഏറ്റുമുട്ടലില്‍ കളിക്കുന്നത്. ഈ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് കളി. ഗ്രൂപ്പ് എയില്‍ റഷ്യ, ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍, മെക്‌സിക്കോ, ഗ്രൂപ്പ് ബിയില്‍ കാമറൂണ്‍, ചിലി, ഓസ്‌ട്രേലിയ, ജര്‍മ്മനി ടീമുകളുമാണുള്ളത്. 1992-ല്‍ സൗദി അറേബ്യയില്‍ ആരംഭിച്ച കിങ് ഫഹദ് കപ്പാണ് കോണ്‍ഫെറേഷന്‍ കപ്പിന്റെ ആദ്യ രൂപം. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടന്ന ടൂര്‍ണമെന്റ് 1997ലെ മൂന്നാം ചാമ്പ്യന്‍ഷിപ്പിലാണ് ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് എന്നാക്കി മാറ്റിയത്. 1992ലെ ആദ്യ ടൂര്‍ണമെന്റില്‍ നാല് ടീമുകളാണ് പങ്കെടുത്തത്. പിന്നീട് 95, 97, 99, 2001, 03, 05 വര്‍ഷങ്ങളിലും നടന്നു. അതിനുശേഷം ഫിഫ ടൂര്‍ണമെന്റ് നാലുവര്‍ഷത്തിലൊരിക്കലാക്കി മാറ്റി. തുടര്‍ന്ന് 2009, 2013 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നടന്നു. ഇത്തവണ ഒമ്പതാം ടൂര്‍ണമെന്റാണ് നടക്കുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയത് ബ്രസീലാണ്. നാല് തവണ. കഴിഞ്ഞ മൂന്ന് ടൂര്‍ണമെന്റുകളില്‍ കിരീടം നേടിയ ബ്രസീല്‍ പക്ഷേ, ഇത്തവണ മത്സരിക്കാനില്ല. ഫ്രാന്‍സ് രണ്ട് തവണയും അര്‍ജന്റീന, മെക്‌സിക്കോ, ഡെന്മാര്‍ക്ക് രാജ്യങ്ങള്‍ ഓരോ തവണയും ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.