സംസ്ഥാനത്തെ ആദ്യ സ്ഥിരം പാല്‍ പരിശോധനാ കേന്ദ്രത്തിന് തുടക്കമായി

Friday 16 June 2017 10:12 pm IST

മീനാക്ഷിപുരം : ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാണിജ്യനികുതി ചെക്ക്‌പോസ്റ്റിന് സമീപം ആരംഭിച്ച സംസ്ഥാനത്തെ ആദ്യ സ്ഥിരം പാല്‍ പരിശോധനാ ലബോറട്ടറി മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. ചെക്ക്‌പോസ്റ്റിലെ സ്ഥിരം ലബോറട്ടറിയില്‍ പാലിന്റെ കൊഴുപ്പ്, കൊഴുപ്പിതര ഘടകങ്ങള്‍, അമ്‌ളത, മായംചേര്‍ക്കല്‍ എന്നിവയും ബൈകാര്‍ബണേറ്റ്, കാര്‍ബണേറ്റ്, ഫോര്‍മാലിന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയുടെ സാന്നിധ്യവും പരിശോധിച്ച് കണ്ടെത്തും. പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പാല്‍ മാത്രമേ കേരളത്തിലേക്ക് കടത്തിവിടുകയുള്ളൂ. പാലിലെ വെള്ളത്തിന്റെ അളവ് 22 ശതമാനത്തില്‍ കൂടുതലാണെങ്കിലും ആകെയുള്ള കൊഴുപ്പിന്റെ അളവ് 12 ശതമാനത്തില്‍ കുറവാണെങ്കിലും ഗുണനിലവാരമില്ലാത്ത പാലായി കണക്കാക്കും. ദിവസേന മൂന്ന് ഷിഫ്ടുകളിലായി ഉദ്യോഗസ്ഥരെ വിന്യസിച്ചാണ് ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുക. കേരളത്തില്‍ ആവശ്യമുള്ള പാലിന്റെ എഴുപത് ശതമാനം മാത്രമാണ് തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനവ് പാലുത്പാദനത്തിലുണ്ടായി. സംസ്ഥാനത്ത് ഏറ്റവുമധികം പാലുത്പാദനമുള്ള ജില്ല പാലക്കാടാണ്. ബ്‌ളോക്ക് ചിറ്റൂരും. കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, വാണിജ്യനികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.സുരേഷ്, കെ.എം.ജോര്‍ജ്ജ് വര്‍ഗീസ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്ജ്കുട്ടി ജേക്കബ്, ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.സുരേഷ്‌കുമാര്‍, മലബാര്‍ മേഖലാ ക്ഷീരോത്പാദന യൂണിയന്‍ അംഗങ്ങള്‍, വിവിധ ക്ഷീരസംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.