വ്യാജ ജാതി സര്‍ട്ടിഫിക്കറ്റില്‍ ജോലി വാങ്ങിയവരെ പുറത്താക്കും

Friday 16 June 2017 10:25 pm IST

ന്യൂദല്‍ഹി: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ വഴി ജോലി വാങ്ങിയവരെ കണ്ടെത്തി ജോലിയില്‍ നിന്ന് പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പട്ടികജാതി, പട്ടിക വര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്രിമമായി ഉണ്ടാക്കി ജോലി നേടിയവര്‍ക്കെതിരെയാണ് നടപടി. എല്ലാ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളോടും ജീവനക്കാരുടെ ജാതി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പരിശോധന നടത്താന്‍ കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചു. പൊതു മേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവിടങ്ങളിലും കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലും അടക്കം 1,832 പേര്‍ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലിയില്‍ പ്രവേശിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചതായാണ് വിവരം. തെറ്റായ രേഖ സമര്‍പ്പിച്ച് ജോലി നേടിയെന്ന് തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് സര്‍വ്വീസ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ കേന്ദ്രമന്ത്രാലയങ്ങളിലും വകുപ്പുകളിലും എസ് സി-എസ്ടി ഒഴിവില്‍ ജോലി നേടിയവരുടെ ജാതി സംബന്ധിച്ച രേഖകള്‍ വീണ്ടും പരിശോധിക്കുന്നത്. കൃത്രിമം നടത്തിയെന്ന് തെളിഞ്ഞ 1832 ജീവനക്കാരില്‍ 276 പേരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കല്‍ നടപടിയോ സസ്‌പെന്‍ഷനോ നേരിട്ടുകഴിഞ്ഞു. 521 പേര്‍ കേസ് നേരിടുന്നുണ്ട്. 1,035 പേര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ ഇനിയും ആരംഭിക്കാനുണ്ട്. ധനകാര്യ സേവന മേഖലയില്‍ മാത്രം 1,296 കേസുകളാണ് കണ്ടെത്തിയത്. എസ്ബിഐയില്‍ 157 പേരും, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 135പേരും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 112 പേരും സിന്‍ഡിക്കേറ്റ് ബാങ്കില്‍ 103 പേരുമാണ് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി സമ്പാദിച്ചത്. ന്യൂഇന്ത്യാ ഇന്‍ഷുറന്‍സിലും യുണൈറ്റഡ് ഇന്‍ഷുറന്‍സിലുമായി 82 പേരും വ്യാജരേഖകള്‍ നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.