ഗതാഗതക്കുരുക്കില്‍ വലഞ്ഞ് മാര്‍ക്കറ്റ്

Friday 16 June 2017 10:39 pm IST

കോട്ടയം: കാല്‍നടക്കാരെയും കച്ചവടക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ് നഗരമദ്ധ്യത്തിലുള്ള ചന്തയ്ക്കുള്ളിലെ ഗതാഗതക്കുരുക്ക്. കാലങ്ങളായി തുടരുന്ന ഈ പ്രശ്‌നത്തിന് യാതൊരു നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. നഗര ഗ്രാമ പ്രദേശങ്ങളിലെ ഒരേപോലെ ആശ്രയിക്കുന്ന വ്യാപാര സ്ഥാപനങ്ങളാണ് മാര്‍ക്കറ്റിലുള്ളത്. അതുകൊണ്ടുതന്നെ ഇവിടെ ജനത്തിരക്കും ഏറെയാണ്. ഇതിനിടയിലാണ് കാല്‍നട യാത്രപോലും അസാധ്യമാക്കുന്ന വിധത്തിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ചെറുതും വലുതുമായ വഹനങ്ങള്‍ ഇതിലുള്‍പ്പെടും. സെന്‍ട്രല്‍ ജംങ്ഷനിലെ തിരക്കൊഴിവാക്കാനായി ചിങ്ങവനം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകള്‍ ചന്തയിലൂടെ പ്രവേശിച്ചാണ് എംസി റോഡിലെത്തുന്നത്. ഇടുങ്ങിയ റോഡില്‍ ചെറുവാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമിടയില്‍ കൂടിയുള്ള ബസ് സര്‍വ്വീസ് ആണ് വലിയ ഗതാഗതക്കുരുക്കിന് വഴിവെയ്ക്കുന്നത്. നഗരത്തിലെ പാര്‍ക്കിങ് പരിമിതിമൂലം സ്വകാര്യ വാഹനങ്ങളില്‍ പലതും ഓട്ടോറിക്ഷാ, പിക്ക് അപ്പ് സ്റ്റാന്‍ഡുകളില്‍ പാര്‍ക്ക് ചെയ്യുന്നതും പതിവാണ്. കാല്‍നടയാത്രക്കാര്‍ക്ക് പോലും സുരക്ഷിതമായി നടക്കുവാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. വണ്‍വേ അല്ലാത്തതിനാല്‍ മൂന്ന് റോഡുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കൂട്ടിമുട്ടിയുണ്ടാകുന്ന അപകടങ്ങളും കുറവല്ല. വാഹനങ്ങള്‍ പരസ്പരം ചെറുതായി ഉരസിയാല്‍ പോലും മണിക്കൂറുകളായിരിക്കും ഗതാഗതക്കുരുക്ക് അനുഭവപ്പെടുക. ഇങ്ങനെ രൂപപ്പെടുന്ന കുരുക്കഴിക്കാന്‍ പോലീസിനുപോലും പലപ്പോഴും കഴിയാറില്ല. ഇത് കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുക പതിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.