പിന്നില്‍ മെട്രോ മാന്‍

Saturday 17 June 2017 8:03 am IST

കൊച്ചി മെട്രോയുടെ കുതിപ്പിന് പിന്നില്‍ ഒരേയൊരു പേരേ മലയാളികള്‍ക്ക് പറയാനുള്ളൂ. മെട്രോ മാന്‍ ഇ. ശ്രീധരന്റേതാണ് അത്. തുടക്കത്തില്‍ കിതച്ച മെട്രോയെ ശരവേഗത്തിലാക്കാന്‍ ശ്രീധരന് കഴിഞ്ഞു. കൊങ്കണ്‍ റെയില്‍പ്പാത മുതല്‍ വിവിധ മെട്രോ പദ്ധതികള്‍ വരെ രാജ്യത്തിന് നല്‍കിയത് പാലക്കാട്ട് പട്ടാമ്പിക്കാരനായ ശ്രീധരനായിരുന്നു. ഇന്ന് മെട്രോ പദ്ധതികളുടെ അവസാനവാക്കും മറ്റാരുമല്ല. 1954ല്‍ ദക്ഷിണ റെയില്‍വേയില്‍ പ്രൊബേഷണറി അസിസ്റ്റന്റ് എന്‍ജിനിയറായിട്ടായിരുന്നു ശ്രീധരന്റെ തുടക്കം. തകര്‍ന്നു പോയ പാമ്പന്‍ പാലത്തിന്റെ നിര്‍മ്മാണം ശരവേഗം കൊണ്ട് പൂര്‍ത്തിയാക്കിയാണ് ശ്രീധരന്‍ ശ്രദ്ധാകേന്ദ്രമായത്. ആറുമാസം കൊണ്ട് റെയില്‍വേ പൂര്‍ത്തിയാക്കാന്‍ പറഞ്ഞ ജോലികള്‍ ചുമതല ഏറ്റെടുത്ത് 46 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. രാജ്യത്തെ ആദ്യത്തെ മെട്രോയ്ക്ക് 1984ല്‍ കൊല്‍ക്കത്തയില്‍ തുടക്കമിടുമ്പോഴും ശ്രീധരനായിരുന്നു മേല്‍നോട്ടം. പിന്നീട് ദല്‍ഹി മെട്രോ ഉള്‍പ്പെടെയുള്ള മെട്രോകള്‍ക്കെല്ലാം അദ്ദേഹം ചുക്കാന്‍ പിടിച്ചു. 1990ല്‍ വിരമിച്ചശേഷവും ശ്രീധരന്റെ സേവനം കേന്ദ്രസര്‍ക്കാര്‍ പ്രയോജനപ്പെടുത്തി. കൊങ്കണ്‍ റെയില്‍പ്പാതയുടെ നിര്‍മ്മാണമാണ് സര്‍ക്കാര്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചത്. പാറമലകള്‍ തുരന്ന് 93 തുരങ്കങ്ങള്‍ നിര്‍മ്മിച്ചായിരുന്നു ആ അത്ഭുത പദ്ധതി. കൊങ്കണ്‍ പാത വന്നതോടെ മുംബൈ-മാംഗ്ലൂര്‍ തുറമുഖ നഗരങ്ങള്‍ തമ്മിലുള്ള യാത്ര ദൈര്‍ഘ്യം പകുതിയായി കുറഞ്ഞു. ശ്രീധരന്‍ നല്‍കിയ സംഭാവനകള്‍ക്ക് രാജ്യം അദ്ദേഹത്തെ പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചു. ദല്‍ഹി മെട്രോയുടെ മുഖ്യഉപദേശകനായും ശ്രീധരന്റെ സേവനമുണ്ടായിരുന്നു. പൊതു ഗതാഗതത്തിന്റെ അവസാനവാക്കായി ഐക്യരാഷ്ട്ര സഭയും ശ്രീധരനെ അംഗീകരിച്ചു. മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ഐക്യരാഷ്ട്ര സഭയുടെ ഗതാഗതവുമായി ബന്ധപ്പെട്ട ഉന്നത തല ഉപദേശക സമിതിയില്‍ അദ്ദേഹത്തെ അംഗമായി ക്ഷണിച്ചത് അതിന് തെളിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.