കൊച്ചി ഇനി മെട്രോ നഗരം

Saturday 17 June 2017 8:00 am IST

കൊച്ചി: കൊച്ചി ഇന്നാണ് ശരിക്കും മെട്രോ നഗരമാവുക. ആകാശ പാതയിലൂടെയുള്ള മെട്രോ യാത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുടക്കമിടുക. രാവിലെ 10.35ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് പത്തടിപ്പാലത്തേക്കാണ് പ്രധാനമന്ത്രിയുടെ മെട്രോ യാത്രയുടെ തുടക്കം. മെട്രോയില്‍ തന്നെ പാലാരിവട്ടത്ത് തിരിച്ചെത്തും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രധാനമന്ത്രി മെട്രോ നാടിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരിക്കും ഇത്. മെട്രോ എത്തും മുമ്പേ കൊച്ചിയെ പലരും മെട്രോ നഗരമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഒരു പതിറ്റാണ്ടു മുമ്പ് മെട്രോ പദ്ധതിയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴായിരുന്നു ഈ പേര് വീണത്. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത് മെട്രോ കുതിച്ച് എത്തുമ്പോള്‍, കൊച്ചിയുടെ മാത്രമല്ല കേരളത്തിന്റെ ഗതാഗത സംസ്‌കാരവും മാറും. ഭാവിയില്‍ കൂടുതല്‍ നഗരങ്ങള്‍ക്ക് മെട്രോ പരിവേഷം കൈവരും. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററിലാണ് മെട്രോയുടെ ആദ്യഘട്ട സര്‍വീസ്. 11 സ്‌റ്റേഷനുകളുണ്ട്. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നിവിടങ്ങളിലാണ് ആദ്യം ട്രെയിന്‍ എത്തുക. 975 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ആറു ട്രെയിനുകളമാണ് സര്‍വീസ് നടത്തുക.140 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. മിനിമം നിരക്ക് 10 രൂപയാണ്. ആലുവ-പാലാരിവട്ടം റൂട്ടില്‍ 40 രൂപയാണ് ടിക്കറ്റ് നിരക്ക്. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെ ഓണത്തിന് മുമ്പ് ട്രെയിന്‍ ഓടും. മഹാരാജാസ് കോളേജ് മുതല്‍ പേട്ടവരെ ട്രെയിന്‍ ഓടാന്‍ ഇനിയും മൂന്നുവര്‍ഷമെങ്കിലുമെടുക്കും. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെ 25.6 കിലോമീറ്ററാണ് നിര്‍ദ്ദിഷ്ട മെട്രോ റെയില്‍. 5181.79 കോടി രൂപയുടേതാണ് പദ്ധതി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.