പന്തളം കോളജില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ അഴിഞ്ഞാട്ടം

Saturday 17 June 2017 8:18 pm IST

പന്തളം: പന്തളം എന്‍എസ്എസ് കോളജില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘം ഇന്നലെ നടത്തിയ അക്രമത്തില്‍ ഒരു എബിവിപി പ്രവര്‍ത്തകനു പരുക്കേറ്റു. ബിഎ സംസ്‌കൃതം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി വിഭുവിനാണ് മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കോളേജിനു പുറത്ത് എസ്എഫ്‌ഐക്കാര്‍ സ്ഥാപിച്ചിരുന്ന ചെഗുവേരയുടെ പടം വെട്ടിക്കളഞ്ഞു എന്നു പറഞ്ഞാണ് വിഭുവിനെ ആക്രമിച്ചത്. കമ്പി വടിയും മറ്റു മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തിലാണ് തലയ്ക്ക് പരിക്കേറ്റത്. ശരീരത്തില്‍ കമ്പിവടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ വിഭുവിനെ പന്തളത്തെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കോളജില്‍ ഇവര്‍ക്കു സ്‌പെഷ്യല്‍ ക്ലാസ്സുണ്ടായിരുന്നു. ക്ലാസ്സ് കഴിഞ്ഞു പുറത്തേക്കു വരുമ്പോള്‍ പെണ്‍കുട്ടികളുടെ മുന്നില്‍ വച്ചാണ് വിഭുവിനെ ആക്രമിച്ചത്. കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ഗോകുല്‍, വിഷ്ണു, അനന്ദു, ഷാനവാസ്, അനീഷ്, ശ്യാം, ശശാങ്ക് എന്നിവരോടൊപ്പം പുറത്തു നിന്നുള്ള ഡിവൈഎഫ്‌ഐക്കാരുള്‍പ്പെടെയുള്ള 25ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. എബിവിപി പന്തളം നഗര്‍ യൂണിറ്റ് പ്രസിഡന്റും കോളജ് യൂണിറ്റ് സേവാ പ്രമുഖുമാണ് വിഭു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.