പൊതുജനത്തിന് ദുരിതമേകി മിനി സിവില്‍ സ്റ്റേഷന്‍

Saturday 17 June 2017 3:37 pm IST

കുണ്ടറ: കച്ചേരിമുക്കിലെ മിനി സിവില്‍ സ്റ്റേഷന്‍ നാട്ടുകാര്‍ക്ക് ദുരിതം നല്‍കുന്ന കേന്ദ്രമാണ്. ഇവിടെ എത്തുന്നവരെ നരകതുല്യയാതനകളിലേക്കാണ് തള്ളിവിടുന്നത്. കൊട്ടിഘോഷിച്ച് മൂന്നുനിലകളില്‍ നിര്‍മ്മിച്ചിരിക്കുന്ന സിവില്‍സ്റ്റേഷന്‍ കോംപ്ലക്‌സില്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, വാണിജ്യനികുതി ഓഫീസ്, ടൗണ്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച്, അസി. ലേബര്‍ ഓഫീസ്, ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഓഫീസ്, കൃഷിഭവന്‍, മത്സ്യഭവന്‍, ക്ഷീരവികസന ഓഫീസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, കൊല്ലം എല്‍എ, രണ്ട് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസ്, അക്ഷയ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഇളമ്പള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറി ഓഫീസും ഇവിടേക്ക് മാറ്റാനുള്ള നടപടിയും പുരോഗമിക്കുകയാണ്. ദിവസേന ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും വൃദ്ധരുമെത്തുന്ന ഇവിടെ രാവിലെ മുതല്‍ വൈകിട്ട് വരെ ഇവര്‍ നരകതുല്യമായ സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. പ്രധാനമായും മൂത്രപ്പുര ഇവിടെ അന്യമാണ്. ഉള്ളതാകട്ടെ പുരുഷന്മാരുടെ രണ്ട് ടോയിലറ്റും. ഇതിന്റെ ഉദ്ഘാടനശേഷം ഇന്നുവരെ തുറന്നിട്ടില്ല. ഇത് താഴിട്ട് പൂട്ടി ദ്രവിച്ച നിലയിലാണ്. സ്ത്രീകളുടെ രണ്ട് ടോയിലറ്റുകളില്‍ മനുഷ്യവിസര്‍ജ്യം നിറഞ്ഞ നിലയിലും വെള്ളമില്ലാത്ത അവസ്ഥയിലുമാണ്. ഇവിടേക്ക് ദിശാസൂചിക ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. ഇവിടെ വരുന്നവര്‍ക്ക് മനസിലാക്കാന്‍ പറ്റാത്ത രീതിയില്‍ അശാസ്ത്രീയമായി ഇതിന് പുറകിലായിട്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ പരിസരം മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധപൂരിതമാണ്. ഇവിടെ തെരുവുനായ്ക്കള്‍ അലഞ്ഞുതിരിയുന്നു. സിവില്‍സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് കുടിവെള്ളം ലഭിക്കാന്‍ വേണ്ട ഒരു സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. ഇവിടെ വരുന്ന വൃദ്ധര്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗികളായിട്ടുള്ളവര്‍ക്കും ഇരിക്കാനായി ആകെ താഴത്തെ നിലയില്‍ തുരുമ്പെടുത്ത് ഒടിഞ്ഞ നിലയില്‍ എട്ട് കസേരകളാണുള്ളത്. രാവിലെ മുതല്‍ വൈകിട്ട് വരെ ഇവിടെ എത്തുന്ന വൃദ്ധരും സ്ത്രീകളും ഒരേ നിലനിന്ന് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാണ്. അധികൃതരാകട്ടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലും അധികാരികള്‍ അനങ്ങാപ്പാറ നയവുമാണ് മിനി സിവില്‍സ്റ്റേഷന്റെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്. സിവില്‍സ്റ്റേഷനുള്ളിലും പുറത്തുമായി മാലിന്യ നിക്ഷേപിക്കല്‍ ശിക്ഷാര്‍ഹമെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് അധികൃതര്‍ ഇവിടെ മാലിന്യനിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ദുര്‍ഗന്ധപൂരിതവും തെരുവുനായ്ക്കളുടെ മേച്ചില്‍പ്പുറവുമായി മാറിയിരിക്കുകയാണ് ഇവിടം. ഫിഷറീസ് മന്ത്രിയുടെ കണ്ണിന് മുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പക്ഷേ ഇതൊന്നും കണ്ടില്ലെന്ന ഭാവം നടിക്കുകയാണ് മന്ത്രിയെന്നാണ് ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.