ഡിവൈഎഫ്‌ഐയുടെ വിജയോത്സവത്തിന് പിടിഎ ചടങ്ങ് മാറ്റിവെച്ചു

Saturday 17 June 2017 8:48 pm IST

പരപ്പ: സ്‌കൂളില്‍ ഡിവൈഎഫ്‌ഐയുടെ വിജയോത്സവം നടത്താന്‍ പിടിഎ ചടങ്ങ് മാറ്റിവെച്ചത് വിവാദമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് പരപ്പ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ഡിവൈഎഫ്‌ഐ പരപ്പ മേഖലാ കമ്മറ്റിയുടെ വിജയോത്സവമാണ് വിവാദമായത്. ഇന്നലെ തന്നെ പിടിഎ കമ്മറ്റി സ്‌കൂളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി പരിപാടി നിശ്ചയിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവുമാണ് പിടിഎ കമ്മറ്റി നടത്താന്‍ തീരുമാനിച്ചത്. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീറിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് സ്‌കൂളില്‍ ഡിവൈഎഫ്‌ഐയുടെ വിജയോത്സവം പരിപാടി നിശ്ചയിച്ചത്. ഡിവൈഎഫ്‌ഐയുടെ പരിപാടിക്ക് വേണ്ടിയാണ് പിടിഎ കമ്മറ്റി നിശ്ചയിച്ച ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതെന്ന് ഭാരവാഹികള്‍ തന്നെ പറയുന്നു. വിദ്യാര്‍ത്ഥികളുടെ അധ്യയന സമയം നഷ്ടപ്പെടുത്തിയും കുട്ടികള്‍ക്ക് പഠനത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിലും ഒരു പരിപാടിയും സ്‌കൂളില്‍ സംഘടിപ്പിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദ്ദേശം നിലനില്‍ക്കേ ഇത് ലംഘിച്ചാണ് ഇന്നലെ പരപ്പ സ്‌കൂളില്‍ ഡിവൈഎഫ്‌ഐയുടെ വിജയോത്സവം സംഘടിപ്പിച്ചത്. സ്‌കൂളില്‍ അത്തരമൊരു പരിപാടി നടത്താന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സ്‌കൂളിനോടു ചേര്‍ന്നുള്ള ബിആര്‍സി കെട്ടിടത്തിലാണ് ഡിവൈഎഫ്‌ഐയുടെ പരിപാടി നടത്തുന്നതെന്നും ഇതില്‍ സ്‌കൂളിന് യാതൊരു പങ്കുമില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഇതു സംബന്ധിച്ച് ഇറക്കിയ ബഹുവര്‍ണ്ണ പോസ്റ്ററില്‍ പരിപാടി നടക്കുന്നത് പരപ്പ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. തൃക്കരിപ്പൂര്‍ എംഎല്‍എ കൂടിയായ എം.രാജഗോപാലനാണ് പരിപാടിയുടെ ഉദ്ഘാടകന്‍. സ്‌കൂള്‍ പ്രവര്‍ത്തി സമയത്ത് ഡിവൈഎഫ്‌ഐയും സിപിഎം ചേര്‍ന്ന് നടത്തിയ വിജയോത്സവം സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധം വ്യാപകമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.