അടിത്തറ ഇളകി; പത്തനാപുരം പാലം അപകടാവസ്ഥയില്‍

Saturday 17 June 2017 9:01 pm IST

ആലത്തൂര്‍: ഗായത്രി പുഴയ്ക്ക് കുറുകെയുള്ള പത്തനാപുരം പാലത്തിന്റെ അടിത്തറ ഇളകിയനിലയില്‍.കാവശ്ശേരി തരൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാത കടന്നു പോകുന്ന പാലമാണിത്. ദശാബ്ദങ്ങള്‍ പഴക്കമുള്ള പാലത്തിന്റെ തൂണുകള്‍ ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് അടിത്തറയില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. സിമന്റും മെറ്റലും ഇളകി കമ്പി ദ്രവിച്ച നിലയിലാണ്. അനിയന്ത്രിതമായ മണലെടുപ്പാണ് പാലത്തിന് ബലക്ഷയം വരാന്‍ കാരണം. അടിത്തറയുടെ ഭാഗത്ത് ഒരു തരി മണല്‍ പോലും അവശേഷിക്കുന്നില്ല.പത്തനാപുരം,തോണിപ്പാടം,ആറാപ്പുഴ, തോടു കാട്, മാട്ടുമല പ്രദേശത്തെ അനധികൃത ചെങ്കല്‍ച്ചൂള, കരിങ്കല്‍ ക്വാറി എന്നിവിടങ്ങളില്‍ നിന്ന് അമിതഭാരം കയറ്റിയ വാഹനങ്ങള്‍ അനിയന്ത്രിതമായി ഓടിയത് പാലത്തിന് സുരക്ഷാ ഭീഷണിയായി. പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇതിന് അറുതി വന്നെങ്കിലും പാലം അപകടാവസ്ഥയിലാണ്. രാത്രിയും പുലര്‍ച്ചെയും ഇത്തരം വാഹനങ്ങള്‍ പാലത്തിലൂടെ പായുന്നുണ്ട്. പുതിയ പാലം പണിയണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പൊതുമരാമത്ത് വകുപ്പ് സാധ്യതാ പഠനം നടത്തിയിരുന്നു.എന്നാല്‍ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി വാങ്ങാനായില്ല.തരൂര്‍ പഞ്ചായത്തിലെ മലയോര കര്‍ഷിക മേഖലയെ ആലത്തൂരും കാവശ്ശേരിയുമായി ബന്ധിപ്പിക്കുന്ന പാതകടന്നു പോകുന്നത് ഈ പാലം വഴിയാണ്. കരിങ്കല്ലും എം സാന്‍ഡും കയറ്റിയ ടോറസ് ലോറികള്‍ ദിവസേന നൂറുകണക്കിന് കടന്നു പോകുന്നത് അപകട സാധ്യത കൂട്ടുന്നതാണ്. അത്തിപ്പൊറ്റ പുതിയ പാലം പണി ആരംഭിച്ചതോടെ തോണിപ്പാടത്തേക്കുള്ള ബസുകള്‍ മുഴുവന്‍ ഇതുവഴി ആയതും പാലത്തിന്റെ അപകടാവസ്ഥ കൂടാന്‍ കാരണമായി. അമിതഭാരം കയറ്റിവരുന്ന ടോറസുകള്‍ ഇതുവഴി കടത്തിവിടരുതെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.