സമഗ്ര വികസനത്തിന് സുസ്വാഗതം

Saturday 17 June 2017 9:35 pm IST

ഹൃദയാഭിവാദ്യം... കൊച്ചി മെട്രോറെയില്‍ ഉദ്ഘാടനവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. രമേശ് ചെന്നിത്തല,
ഗവര്‍ണര്‍ പി. സദാശിവം, പിണറായി വിജയന്‍, കെ.വി. തോമസ്, വെങ്കയ്യ നായിഡു സമീപം

അറബിക്കടലിന്റെ റാണിയായ കൊച്ചി ഏറെ പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജന വ്യാപാര കേന്ദ്രമാണ്. ഇന്ന് അത് കേരളത്തിന്റെ വാണിജ്യതലസ്ഥാനമായി അറിയപ്പെടുന്നു. കേരളത്തിലെത്തുന്ന ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കൊച്ചി ഒന്നാം സ്ഥാനത്താണ്. അതുകൊണ്ട് കൊച്ചിക്ക് ഏറ്റവും അനുയോജ്യമാണ് മെട്രോ റെയില്‍ സംവിധാനം.

കൊച്ചി നഗരത്തിലെ ജനസംഖ്യ അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2021 ഓടെ നഗര ജനസംഖ്യ 23 ലക്ഷത്തിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ ഇതുമൂലം ഉണ്ടാകുന്ന വര്‍ധിച്ച സമ്മര്‍ദ്ദം നേരിടാന്‍ മാസ് റാപ്പിഡ് ഗതാഗത സംവിധാനം അനിവാര്യമാണ്. ഇതു കൊച്ചിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറെ സംഭാവന നല്‍കും.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തുല്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സംയുക്ത സംരംഭമാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കൊച്ചി മെട്രൊക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 2000 കോടിയിലേറെ രൂപ നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്ന ഘട്ടം ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് 13.26 കിലോമീറ്റര്‍ ദുരവും 11 സ്റ്റേഷനുകളും അടങ്ങുന്നതാണ് ഇത്. ഒട്ടേറെ സവിശേഷതകളുള്ളതാണ് ഈ മെട്രോ പദ്ധതി.

ആധുനിക സിഗ്നല്‍ സംവിധാനമായ കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സിഗ്നലിങ്ങ് സിസ്റ്റത്തോടുകൂടി കമ്മീഷന്‍ ചെയ്യുന്ന ആദ്യ മെട്രോ പദ്ധതിയാണിത്. കോച്ചുകള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രതിഫലിപ്പിക്കുന്നു. ചെന്നൈക്കു സമീപമുള്ള ഫാക്ടറിയില്‍ ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം നിര്‍മ്മിച്ച കോച്ചുകളില്‍ 70 ശതമാനവും ഇന്ത്യന്‍ ഘടകങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. നഗരത്തിലെ മുഴുവന്‍ പൊതുഗതാഗത ശൃംഖലയും ഏക സംവിധാനത്തിലേക്ക് കൊച്ചി മെട്രോ ഏകോപിപ്പിക്കുന്നു. ഇതിന് ഒരു പൊതു സമയക്രമവും ടിക്കറ്റിങ്ങ് സംവിധാനവും കേന്ദ്രീകൃത കമാന്‍ഡ്, കണ്‍ട്രോളും ഉണ്ട്.

ടിക്കറ്റ് വിതരണത്തിനായി ഇന്ത്യയിലെ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളുമായി പിപിപി മാതൃക ആവിഷ്‌കരിച്ചിരിക്കയാണ് കൊച്ചി മെട്രോ. കൊച്ചി-1 കാര്‍ഡ് ബഹുവിധ ഉപയോഗമുള്ളതാണ്. സാധാരണ ഡെബിറ്റ് കാര്‍ഡായും മെട്രൊയില്‍ യാത്ര ചെയ്യുന്നതിനും ഇത് ഉപകരിക്കും. ബസ്, ടാക്‌സി, ഓട്ടോ എന്നിവയിലെല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന ആധുനിക സ്മാര്‍ട്ട് കാര്‍ഡ് പ്രാബല്യത്തില്‍ വരുത്തുന്ന ലോകത്തെ ചുരുക്കം നഗരങ്ങളില്‍ ഒന്നും ഇന്ത്യയിലെ ആദ്യത്തേതുമാണ് കൊച്ചി.

ദീര്‍ഘവീക്ഷണത്തോടുകൂടി വികസിപ്പിച്ചതാണ് കൊച്ചി-1 മൊബൈല്‍ ആപ്പ് എന്നും ഞാന്‍ മനസ്സിലാക്കുന്നു. കൊച്ചി-1 കാര്‍ഡുമായി സംയോജിപ്പിച്ച ഇലക്‌ടോണിക് വാലറ്റ് അതിനുണ്ട്. ഇപ്പോള്‍ മെട്രോ സേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഈ കാര്‍ഡ് ഭാവിയില്‍ യാത്രയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും ദൈനംദിന പണമിടപാടുകള്‍ക്കും നഗര, ടൂറിസ്റ്റ് വിവരങ്ങള്‍ കിട്ടുന്നതിനും പ്രയോജനപ്പെടുത്താം. ഇ- ഗവേണന്‍സ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇത്.

ആയിരത്തോളം വനിതകള്‍ക്കും 23 ഭിന്നലിംഗക്കാര്‍ക്കും കൊച്ചി മെട്രോ റെയില്‍ സംവിധാനത്തില്‍ ജോലി നല്‍കാനായത് മെട്രൊ പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷതയാണ്. പരിസ്ഥിതി സൗഹൃദ വികസനത്തിന് ഉത്തമ ഉദാഹരണം കൂടിയാണ് പദ്ധതി. സൗരോര്‍ജ്ജം പോലെ പുനരുപയോഗിക്കാവുന്ന സ്രോതസുകളില്‍ നിന്നാണ് 25 ശതമാനം ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കാര്‍ബണ്‍ രഹിത നഗര ഗതാഗത സംവിധാനം എന്നതാണ് അതിന്റെ ദീര്‍ഘകാല പദ്ധതി.

മെട്രൊ സംവിധാനത്തിന്റെ ഓരോ ആറാമത്തെ തൂണിലും നഗര ഖരമാലിന്യങ്ങള്‍ ഉപയോഗിച്ച് പരിപാലിക്കുന്ന പൂന്തോട്ടവും സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ്ങ് കൗണ്‍സില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫിക്കേഷന്‍ പരിധിയായ പ്ലാറ്റിനം റേറ്റിങ്ങ് കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകള്‍ക്കും ഓപ്പറേഷന്‍ കണ്‍ട്രോള്‍ കേന്ദ്രത്തിനും നേടാനായത് ആഹ്ലാദകരമായ കാര്യമാണ്.

കഴിഞ്ഞ മൂന്നുവര്‍ഷമായി എന്റെ സര്‍ക്കാര്‍ രാജ്യത്തിന്റെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ശ്രേദ്ധയാണ് നല്‍കിവരുന്നത്. റെയില്‍വെ, റോഡുകള്‍, ഊര്‍ജ്ജം എന്നിവയാണ് മുന്‍ഗണനാ മേഖലകള്‍. പ്രഗതി യോഗങ്ങളില്‍ എട്ടുലക്ഷം കോടിയോളം രൂപയുടെ 175 പദ്ധതികള്‍ ഞാന്‍ നേരിട്ട് അവലോകനം ചെയ്തിട്ടുണ്ട്. ഈ മേഖലകളിലെ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിച്ചു. ലോജിസ്റ്റിക്‌സ്, ഡിജിറ്റല്‍, ഗ്യാസ് തുടങ്ങി വരും തലമുറ അടിസ്ഥാന സൗകര്യവികസനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ്.

പൊതുഗതാഗത സംവിധാനം, നഗരങ്ങളില്‍ പ്രത്യേകിച്ചും, മെച്ചപ്പെടുത്താന്‍ ഒട്ടേറെ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഈ മേഖലയിലേക്ക് വിദേശനിക്ഷേപം ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയിലെ 50 നഗരങ്ങള്‍ മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സജ്ജമാണ്.
മെട്രോ റെയില്‍ സംവിധാനത്തിന്റെ സാമ്പത്തിക സാമൂഹിക നേട്ടങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ഈ മേഖലയുടെ നയരൂപീകരണം അതിവേഗത്തിലാക്കിയിട്ടുണ്ട്. അടുത്തയിടെ മെട്രോറെയില്‍ സിഗ്നലിങ്ങ് സംവിധാനങ്ങളുടെയും റോളിങ്ങ് സ്റ്റോക്കിന്റെയും മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏകീകരിച്ചിരുന്നു. ഇത് വിദൂര കാഴ്ചപ്പാടോടെ നിര്‍മ്മാണ സംവിധാനങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രോത്സാഹനമാകും.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ മെട്രോ റോളിങ്ങ് സ്റ്റോക്കുകളുടെ ആഭ്യന്തര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ശ്രമം നടത്തുന്നു. ജനകേന്ദ്രീകൃത സമീപനത്തിലൂടെ ഭൂവിനിയോഗവും ഗതാഗതവും സംയോജിപ്പിച്ചുകൊണ്ട് നഗരാസൂത്രണത്തില്‍ കാതലായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ഇതിനായി കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് പോളിസി പുറത്തിറക്കിയിരുന്നു. ഒരു മൂല്യാധിഷ്ഠിത ധനകാര്യ നയ ചട്ടക്കൂടിന് രൂപം നല്‍കിയ കേന്ദ്രമന്ത്രി വെങ്കയ്യാജിയുടെ നേതൃത്വത്തിലുള്ള നഗരവികസന മന്ത്രാലയത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഭൂമിയുടെ ഉയര്‍ന്ന മൂല്യം പ്രയോജനപ്പെടുത്താനുള്ള സംവിധാനം ഇത് ഒരുക്കുന്നു.

വളരെ പ്രധാനപ്പെട്ട നാഴികക്കല്ല് കൈവരിക്കാന്‍ കഴിഞ്ഞ കൊച്ചി പൗരാവലിയെയും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനെയും കേരളത്തിന്റെ മുഖ്യമന്ത്രിയെയും ഞാന്‍ അഭിനന്ദിക്കുന്നു. 2016 ജനുവരിയില്‍ ആദ്യവട്ടത്തില്‍ തന്നെ കൊച്ചിയെ സ്മാര്‍ട്ട് സിറ്റിയായി തെരഞ്ഞെടുത്തിരുന്നു. വരും ദിനങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കൊച്ചിക്ക് കഴിയട്ടെ.

(കൊച്ചി മെട്രോ റെയില്‍ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച് നടത്തിയ പ്രസംഗത്തില്‍ നിന്ന്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.