'വികസനത്തില്‍ കേന്ദ്രം അനുകൂലം'

Saturday 17 June 2017 9:41 pm IST

കലാപൂര്‍വ്വം… കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം നല്‍കുന്നു

കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആര് നിര്‍വ്വഹിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് അശേഷം സംശയം ഉണ്ടായിരുന്നില്ല. കേന്ദ്രവും- സംസ്ഥാനസര്‍ക്കാരും യോജിച്ച് യഥാര്‍ത്ഥ്യമാക്കിയ മെട്രോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കേണ്ടത് പ്രധാനമന്ത്രി ആയിരക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തിരുമാനം. ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ നിരാശരായിട്ടുണ്ടാകും. കൊച്ചി മെട്രോ പൂര്‍ത്തിയാക്കിയത് രാജ്യത്തിന്റെ ആകെ സംഭാവനയോട് കൂടിയാണ്. ഇതര സംസ്ഥാന തൊഴിലാളികളോടുള്ള കൃതഞ്ജത രേഖപ്പെടുത്തുന്നു.

ഇ. ശ്രീധരന്റെ അനിതരസാധാരണമായ നേതൃത്വപാടവമാണ് മെട്രോ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇടയാക്കിയത്. മെട്രോകളുടെ ചരിത്രത്തില്‍ തന്നെ അതിവേഗം പൂര്‍ത്തിയാക്കിയ ഒന്നാണ് കൊച്ചി മെട്രോ. മെട്രോ മാത്രമല്ല കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍, വികസനകാര്യങ്ങളില്‍ ഒരു പാട് മുന്നേറാനുണ്ട്. കേന്ദ്രത്തിന്റെ വികസനമെന്ന മുദ്രവാക്യം തങ്ങള്‍ ഏറ്റെടുക്കുന്നു, അതിന് കേന്ദ്രത്തിന്റെ സഹായം വേണം. വികസന കാര്യത്തില്‍ കേന്ദ്രത്തിന് അനുകൂല സമീപനമാണ് കൊച്ചി മെട്രോയിലൂടെ കേരളത്തില്‍ ഏത് വികസന പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകും എന്ന സന്ദേശമാണ് നല്‍കുന്നത്.

കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ കൊച്ചി നിവാസികള്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചിലര്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടതായി വരും അവരെ കൈവിടുന്ന നിലപാടല്ല സര്‍ക്കാരിന്റേത്. അവര്‍ക്ക് അര്‍ഹമായ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കും. പുനരധിവാസ പദ്ധതികള്‍ ഒരുക്കിയിട്ടും വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എതിര്‍പ്പുമായി വന്നാല്‍ സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. വികസന പദ്ധതികളുമായി മുന്നോട്ട് പോവുകതന്നെ ചെയ്യും. വികസനത്തിന്റെ കാര്യത്തില്‍ ഏല്ലാവരും ഒന്നിച്ച് നില്‍ക്കണം. വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു.

എന്നാല്‍ വിമര്‍ശനത്തിന് വേണ്ടി വിമര്‍ശനം ഉയര്‍ത്തി ഒരു പദ്ധതിയില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടതില്ല. നവകേരള നാടിന്റെയും നാട്ടുകാരുടെയും ആവശ്യമാണ്. ഒരു പക്ഷത്തിന്റെ മാത്രമല്ല. വികസനത്തില്‍ പ്രകൃതിക്ക് കേടുവരുത്തുന്ന രീതി ഉണ്ടാകാന്‍ പാടില്ല. പരിസ്ഥിതിക്ക് ആഘാതമായ കാര്യമായതിനാലാണ് ആറന്മുള വിമാനത്താവളത്തിനെ എതിര്‍ത്തത്. ജലഗതാഗതം സജീവമാക്കും. ദേശീയ ജലപാത സഞ്ചാരയോഗ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍.

(മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം)