കേരളത്തിനിത് ചരിത്രനിമിഷം

Saturday 17 June 2017 9:50 pm IST

തുടക്കം… കൊച്ചി മെട്രോ റെയിലിന്റെ പാലാരിവട്ടം സ്റ്റേഷന്‍ പ്രധാനമന്ത്രി
നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നു. ഇ. ശ്രീധരന്‍, പിണറായി വിജയന്‍,
വെങ്കയ്യ നായിഡു സമീപം

കൊച്ചി മെട്രോ റെയില്‍ സംവിധാനത്തിന് തുടക്കംകുറിക്കുന്ന ചരിത്രനിമിഷങ്ങള്‍ക്കാണ് കേരളത്തിലെ ജനങ്ങളും കൊച്ചിയിലെ പൗരാവലി പ്രത്യേകിച്ചും സാക്ഷ്യംവഹിച്ചിരിക്കുന്നത്. കൊച്ചിയിലെ ജനങ്ങള്‍ക്ക് സുരക്ഷിതവും സുഖകരവും വേഗത്തിലുള്ളതുമായ യാത്രാസൗകര്യമൊരുക്കുന്നതിനാണ് ആലുവ മുതല്‍ പേട്ട വരെ 25.612 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇന്ത്യയുടെ പരിവര്‍ത്തനത്തിനുള്ള ദൗത്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് ഏറെ നിര്‍ണായകമാണ് നഗരങ്ങളുടെ പരിവര്‍ത്തനം.

10 രൂപ മുതലുള്ള താങ്ങാവുന്ന നിരക്കുകളില്‍ 10 മിനിറ്റ് ഇടവേളകളിലുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ കൊച്ചിയിലെ ജനങ്ങളുടെ യാത്രാദുരിതം ഏറെ കുറയ്ക്കുന്നതാണ്. പദ്ധതിയുടെ അവശേഷിക്കുന്ന പണികളും എത്രയും നേരത്തെ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനോട് അഭ്യര്‍ത്ഥിക്കുന്നു. പദ്ധതി വേഗം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ പൂര്‍ണ സഹകരണവും ഞാന്‍ അപേക്ഷിക്കുന്നു.

ഔട്ട്‌സോഴ്‌സിങ്ങിന് പകരം കുടുംബശ്രീ സ്വാശ്രയ ശൃംഖലയില്‍നിന്നുള്ള പാവപ്പെട്ട സ്ത്രീകളെയും ഭിന്നലിംഗക്കാരെയും ജോലിക്കെടുത്ത കൊച്ചി മെട്രൊയുടെ നടപടി അഭിനന്ദനാര്‍ഹമാണ്. വനിതാ ശാക്തീകരണത്തിനും ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്കും ഏറ്റവും നല്ല ഉദാഹരണമാണിത്.

വിദഗ്ധ, അര്‍ധവിദഗ്ധ, അവിദഗ്ധ തൊഴില്‍ സേനക്ക് പ്രത്യക്ഷമായും പരോക്ഷമായും ഗണ്യമായ തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ മെട്രോ റെയില്‍ പദ്ധതി വഴിയൊരുക്കും. മെട്രോയുടെ പൂര്‍ണതോതിലുള്ള നടത്തിപ്പിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 2000 പേര്‍ വേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു.

ഇന്നത്തെ ഉദ്ഘാടനത്തോടെ രാജ്യത്ത് 359 കിലോമീറ്ററോളം നീളത്തില്‍ മെട്രോ റെയില്‍ പ്രവര്‍ത്തനക്ഷമമായ കാര്യം സന്തോഷത്തോടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ദല്‍ഹി, ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍), ഗുര്‍ഗാവ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ജയ്പൂര്‍, മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണിത്. ദല്‍ഹി, എന്‍സിആര്‍, കൊല്‍ക്കത്ത, ചെന്നൈ, ജയ്പൂര്‍, മുംബൈ, കൊച്ചി, അഹമ്മദാബാദ്, നാഗ്പൂര്‍, ലക്‌നോ, പൂനെ എന്നിവിടങ്ങളിലായി 546 കിലോമീറ്റര്‍ മെട്രോ റെയില്‍ നിര്‍മാണ ഘട്ടത്തിലും 381 കിലോമീറ്റര്‍ ഉള്‍പ്പെടെ 976 കിലോമീറ്റര്‍ റീജ്യണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം പരിഗണനയിലുമാണ്.

ഇതുകൂടാതെ, കേരളത്തിലെ 32 ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര നഗരവികസന മന്ത്രാലയം പ്രത്യേക പരിശീലനവും നല്‍കി. കേരളത്തിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന് പ്രാപ്തമാക്കാന്‍ ഇവരില്‍ നാല് ഉദ്യോഗസ്ഥരെ വിദേശത്ത് അയച്ചും പരിശീലനം നല്‍കി.
കൊച്ചിയിലെ നഗര ഗതാഗതത്തില്‍ ജലഗതാഗതത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ 2016 ല്‍ ജര്‍മ്മനിയിലെ കെഎഫ്ഡബ്ല്യുവുമായി 85 ദശലക്ഷം യൂറോയുടെ വായ്പ കരാര്‍ ഉണ്ടാക്കിയിരുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ 11.20 കിലോമീറ്റര്‍ വരുന്ന രണ്ടാംഘട്ട മെട്രോക്കുള്ള പുതുക്കിയ പദ്ധതി നിര്‍ദ്ദേശം കേരളസര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ 11 സ്‌റ്റേഷനുകളോടുകൂടിയതാണ് പദ്ധതി. 2,577 കോടി രൂപ ചെലവ് കണക്കാക്കുന്നു. തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതികളും കേരളസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏറെ ചെലവേറിയതായതിനാല്‍ മെട്രൊ സംവിധാനത്തിലേക്ക് പോകുന്നതിനു മുമ്പ് ശരിയായ സാധ്യതാ പഠനവും ആവശ്യകതയും പരിഗണിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. 161 കോടി രൂപ ചെലവില്‍ ചില നഗര വികസന പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഗതാഗതം സുഗമമാക്കാന്‍ കവലകളുടെ വികസനം, കാല്‍നടയാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

(കൊച്ചി മെട്രോ സ്മാര്‍ട്ട്-1 കാര്‍ഡ് പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്)