കെഎസ്ആര്‍ടിസി യാത്രക്കാരും സ്വകാര്യ ബസ് തൊഴിലാളികളും തമ്മില്‍ കലഹം

Saturday 17 June 2017 10:00 pm IST

മുണ്ടക്കയം: പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ പാര്‍ക്കിങ്ങിനെ ചൊല്ലി സ്വകാര്യ ബസ് തൊഴിലാളികളും കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരും തമ്മില്‍ കലഹം. കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയതിന് തൊട്ടുപിന്നാലെയെത്തി അരികില്‍ ഡോര്‍ തുറക്കാനാവാത്ത വിധം പാര്‍ക്ക് ചെയ്ത് സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു. കെഎസ്ആര്‍ടിസി ബസ് പാര്‍ക്ക് ചെയ്തതിന് പിന്നാലെയെത്തിയ എരുമേലി റൂട്ടിലോടുന്ന സ്വകാര്യ ബസ് കെഎസ്ആര്‍ടിസിയുടെ വാതില്‍ തുറക്കുവാനാകാത്ത വിധം വശത്ത് പാര്‍ക്ക് ചെയ്യുകയായിരുന്നു. ഇത് തങ്ങളുടെ ബസ് പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണെന്നും ഇവിടെ ബസ് ഇടുവാന്‍ പാടില്ലെന്നുമായിരുന്നു സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതികരണം. ഇവര്‍ ബസ് മാറ്റുവാനും തയാറായില്ല. തുടര്‍ന്ന് വാതില്‍ തുറക്കാനാവാതെ ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ വലഞ്ഞു. ബസ്സില്‍ കയറാനെത്തിയവരും വെളിയില്‍ കാത്ത് നില്‍ക്കേണ്ടിവന്നു. സംഭവം ചോദ്യം ചെയ്ത യാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാര്‍ തട്ടിക്കയറുകയും ചെയ്തു. ഇതിനിടെ യാത്രക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി സ്വകാര്യ ബസ് മാറ്റിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.