പരിമിതികളില്‍ വീര്‍പ്പുമുട്ടി തഴവ പിഎച്ച്‌സി

Sunday 18 June 2017 12:32 pm IST

കരുനാഗപ്പള്ളി: തഴവാ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ മൂന്ന് ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ഇവരുടെ സേവനം പലപ്പോഴും ചടങ്ങിന് മാത്രമാകുന്നു. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സ തേടി നൂറുകണക്കിന് രോഗികളാണ് എത്തി ചേര്‍ന്നത്. എന്നാല്‍ ഇവരെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായത്. ഡോകടര്‍മാര്‍ എത്താത്തതിനാല്‍ മിക്ക ദിവസങ്ങളിലും രോഗികള്‍ ചികിത്സ ലഭിക്കാതെ തിരികെ പോകുകയാണെന്ന് പരാതി ഉയരുന്നു. മഴക്കാലരോഗങ്ങള്‍ക്കുള്ള ജാഗ്രതാ നടപടികള്‍ വളരെ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ആസൂത്രണ സമിതിയിലും പഞ്ചായത്ത് സമിതിയിലും ഭാരതീയ ജനതാപാര്‍ട്ടിയുടെ ജനപ്രതിനിധികളും നേതാക്കളും വളരെ ശക്തമായി ആവശ്യപ്പെട്ടിട്ടുള്ളതാണ്. സംസ്ഥാനത്ത് മഴക്കാലരോഗങ്ങളും പകര്‍ച്ചവ്യാധികളും മൂലം മരണപ്പെട്ടവരുടെ എണ്ണം നൂറു കഴിഞ്ഞിരിക്കുന്നു. ഇതില്‍ തഴവ പഞ്ചായത്തില്‍ കഴിഞ്ഞയാഴ്ച ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരണപ്പെട്ടിരുന്നു. സമീപപഞ്ചായത്തുകളായ തൊടിയൂരില്‍ രണ്ടും കുലശേഖരപുരത്ത് ഒരാളും ഡെങ്കിപ്പനി പിടിപെട്ട് മരിച്ചു. ഇങ്ങനെ ജനങ്ങള്‍ മരണത്തിന് കീഴ്‌പ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടും അധികാരികളും ഭരണക്കാരും വേണ്ട ജാഗ്രത കാണിക്കുന്നില്ല എന്ന പരാതി ഉയരുന്നു. തഴവാ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ കിടത്തിചികിത്സക്ക് ആവശ്യമായ കെട്ടിടങ്ങള്‍ ആവശ്യത്തിന് ഉള്ളപ്പോഴും കിടത്തി ചികിത്സ നടത്തുന്നതിനാവശ്യമായ നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുന്നില്ല. പാവുമ്പ ഉള്‍പ്പെടെയുള്ള ഉള്‍പ്രദേശങ്ങളില്‍ നിന്നും രോഗികള്‍ ഇവിടെ എത്തിയിട്ടും ചികിത്സ കിട്ടാതെ മടങ്ങി പോകേണ്ട അവസ്ഥയാണ്. പഞ്ചായത്തിലെ ഈ ദുരവസ്ഥക്ക് അടിയന്തിരമായി അധികാരികള്‍ ഇടപെട്ട് പരിഹാരം കാണെണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാപാര്‍ട്ടിയുടെ ജനപ്രതിനിധികളായ ശരത്ത്, വിപിന്‍, ദേവീ വിമല്‍, ലത എന്നിവരും ബിജെപി നേതാക്കളായ സുനില്‍, ലാല്‍, ഡോ.അരുണ്‍, വിജു, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി പ്രകാശ് പാപ്പാടി എന്നിവരുടെ നേതൃത്വത്തില്‍ പാഞ്ചായത്ത് സെക്രട്ടറിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പകര്‍ ച്ചവ്യാധിക്കെതിരെ പ്രതിരോധനടപടികള്‍ കൈക്കൊള്ളണമെന്നും കിടത്തിചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.