ജിഎസ്ടി വരുമ്പോള്‍ വിലനിര്‍ണയം കൃത്യമാവണം

Sunday 18 June 2017 7:46 pm IST

ജൂലായ് ഒന്നുമുതല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും ഒറ്റ നികുതി സമ്പ്രദായം (ജിഎസ്ടി) നിലവില്‍ വരികയാണ്. ജിഎസ്ടിക്ക് കീഴില്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുമെന്നത് ശരിയാണ്. പക്ഷെ അതോടൊപ്പം അവശ്യവസ്തുക്കളായ പലതിന്റെയും വില കുറയുകയും ചെയ്യും. എന്നാല്‍ കേരളത്തില്‍ ഇത് എങ്ങനെ നടപ്പാവുമെന്ന് കണ്ടറിയണം. വില വര്‍ധനയ്ക്ക് യാതൊരു മാനദണ്ഡവും പാലിക്കാത്ത സംസ്ഥാനമാണ് കേരളം. കച്ചവടക്കാര്‍ അവര്‍ക്ക് തോന്നുന്നതുപോലെയാണ് വില വര്‍ധിപ്പിക്കുന്നത്. വിലവിവരം കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന ഇപ്പോള്‍തന്നെ ആരും പാലിക്കുന്നില്ല. അപൂര്‍വം ചില കടകളില്‍ ബോര്‍ഡ് കാണാമെങ്കിലും വില കൃത്യമായി രേഖപ്പെടുത്തുന്നില്ല. ജിഎസ്ടിക്ക് കീഴില്‍ ഉല്‍പ്പന്നങ്ങളുടെ വില കൃത്യമായി കടകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനമുണ്ടാകണം. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടികളും എടുക്കണം. അഞ്ച് വര്‍ഷവും വിലവര്‍ധന ഉണ്ടാവില്ലെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അരി ഉള്‍പ്പെടെ പൊതുവിപണിയില്‍ പല വസ്തുക്കള്‍ക്കും പൊള്ളുന്ന വിലയായിട്ടും ഭരിക്കുന്നവര്‍ കണ്ടഭാവം നടിക്കുന്നില്ല. ജിഎസ്ടിക്ക് കീഴില്‍ ഇത് സംഭവിക്കാന്‍ പാടില്ല. കെ.പി. മുരളീധരന്‍, പുക്കാട്ടുപടി, ആലുവ