പനിവരുന്ന മലിന വഴികള്‍

Monday 19 June 2017 7:58 am IST

പനികൊണ്ട് വിറക്കുകയാണ് കേരളം. മെയ് മാസം കേരളമാകെ പടര്‍ന്നുപിടിച്ച പനി ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം ജൂണില്‍ മഴ തുടങ്ങിയപ്പോള്‍ വീണ്ടും ശക്തമായി തിരിച്ചെത്തിയിരിക്കുന്നു. പനി കേരളമൊട്ടാകെ വ്യാപിക്കുകയാണ്. പതിനായിരക്കണക്കിനാളുകളാണ് പനിയുമായി ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ആയിരക്കണക്കിനുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. ഓരോ ദിവസവും മരിച്ചു വീഴുന്നവരുടെ എണ്ണം കൂടിവരുന്നു. ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോജക്റ്റ് 2016 ല്‍ നടത്തിയ പഠനത്തിനുശേഷം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പനി കേസുകളില്‍ 10 ശതമാനം ഡെങ്കി പനി ആണെന്നാണ്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഡെങ്കി പനി പിടിച്ചവരുടെ എണ്ണം ഭയാനകമാം വിധം കൂടുതലായിരിക്കും. അപ്രതീക്ഷിതമായി കടന്നുവന്നതല്ല ഈ പനി. കഴിഞ്ഞ മാസം കേരളമൊട്ടാകെ വന്ന പനിയുടെ തുടര്‍ച്ചയാണിത്. കഴിഞ്ഞ മാസം മാത്രമല്ല കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരം പകര്‍ച്ച പനി കേരളത്തില്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്. 2011 മെയ് മുതല്‍ ഡിസംബര്‍ വരെ എട്ടു മാസക്കാലത്തു ഏഴുപേരാണ് മരിച്ചത്. ആ കാലയളവില്‍ 1088 പേര്‍ക്കാണ് ഡെങ്കിപ്പനി വന്നത്. 2012 ല്‍ മരണം 16 ആയി. പനി പിടിച്ചവരുടെ എണ്ണം 4056. അടുത്ത വര്‍ഷം 2013 ല്‍ മരണം 29. പനിക്കാരുടെ എണ്ണം 7938. ഓരോ വര്‍ഷവും പനി വന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരുന്നു. 2014 ല്‍ മരണം മൂന്നും പനി പിടിച്ചവര്‍ 801 ഉം. അതായത് 2011 മുതല്‍ 2014 ജൂണ്‍ വരെയുള്ള നാലു വര്‍ഷം കൊണ്ട് 55 പേര്‍ മരണപ്പെടുകയും 13883 പേര്‍ക്ക് പനി ബാധിക്കുകയും ചെയ്തു. അന്നത്തെ ആരോഗ്യമന്ത്രി നിയമസഭയില്‍ കൊടുത്ത കണക്കുകളാണിത്. കഴിഞ്ഞ വര്‍ഷം 2016 ല്‍ 5286 പേര്‍ക്കാണ് ഡെങ്കിപ്പനി പിടിച്ചത്. കൊതുകുകളാണ് പനി വരുത്തുന്നതും പടര്‍ത്തുന്നതുമെന്ന് എല്ലാവരും പറയുന്നു. ഈഡിപ്പസ് കൊതുകാണ്, അത് എങ്ങനെയൊക്കെ വളരും എന്നൊക്കെ പറഞ്ഞുതരുന്നതില്‍ സര്‍ക്കാരും ഒട്ടും പിറകിലല്ല. പക്ഷെ പ്രവൃത്തി വാക്കുകളില്‍ ഒതുങ്ങുന്നു. കൊതുകു പെരുകുന്നത് മാലിന്യം അടിഞ്ഞു കൂടുന്നതുകൊണ്ടാണ്. അതായത് മാലിന്യ നിര്‍മാര്‍ജനം ശരിയായി നടക്കാത്തതാണ് കൊതുകു വളരാനും രോഗം പടരാനുമുള്ള കാരണം. അപ്പോള്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍നിന്നുമാണ് പ്രതിരോധം തുടങ്ങേണ്ടത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആ ദിശയില്‍ കാര്യമായി ഒന്നും ചെയ്തില്ല, ചെയ്യുന്നുമില്ല. നാട് മുഴുവന്‍ മാലിന്യം കുന്നുകൂടിയിരിക്കുന്നു. മാലിന്യം ശരിയായി സംസ്‌കരിക്കാനുള്ള ഒരു പ്രവര്‍ത്തനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നില്ല. ഒരിടത്തുനിന്ന് മാലിന്യം ശേഖരിച്ച് മറ്റൊരിടത്ത് ഇടുന്ന ഒരേ ഒരു പരിപാടി മാത്രമാണ് കേരളത്തില്‍ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചെയ്യുന്നത്. അതിന് ഉദാഹരണമാണ് കൊച്ചി ഡെവലപ്‌മെന്റ് അതോറിറ്റി കൊച്ചി നഗരസഭയ്ക്ക് കൊടുത്ത താക്കീത്. നഗരത്തിനു നടുവിലുള്ള കടവന്ത്ര മാര്‍ക്കറ്റില്‍ നഗരസഭകൊണ്ട് തള്ളിയ മാലിന്യം ഉടന്‍ മാറ്റണമെന്ന് ജിസിഡിഎ ആവശ്യപെട്ടു. നഗരത്തില്‍നിന്നും ശേഖരിക്കുന്ന മാലിന്യം നഗരത്തില്‍ മറ്റൊരിടത്തു കൊണ്ടുകളയുന്ന എളുപ്പവഴിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കൊച്ചിയില്‍ മാത്രമല്ല തിരുവനന്തപുരത്തും, കോഴിക്കോടും മറ്റു നഗരങ്ങളിലും ഈ എളുപ്പവഴി തന്നെയാണ് അധികാരികള്‍ അവലംബിക്കുന്നത്. പ്രസ്താവനകൊണ്ട് കൊതുകിനെ തുരത്തുകയും പണി തടയുകയും ചെയ്യാം എന്നാണ് ഈ സര്‍ക്കാര്‍ കരുതുന്നത്. 10 വര്‍ഷമായി മാറി മാറി വന്ന സര്‍ക്കാരുകള്‍ ചെയ്തതും ഇതുതന്നെ. മഴക്കാലപൂര്‍വ ശുചീകരണം എന്നൊരു ചടങ്ങ് എല്ലാ വര്‍ഷവും സര്‍ക്കാര്‍ നടത്താറുണ്ട്. ഓടകള്‍ വൃത്തിയാക്കുക,കുളങ്ങളും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളും വൃത്തിയാക്കുക തുടങ്ങി ശുചീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും നടത്തുക എന്നതാണ് ഉദ്ദേശ്യം. മഴ വരുന്നതിനുമുന്‍പ് പരിസരം വൃത്തിയാക്കുക എന്ന ലക്ഷ്യം. ഓടയില്‍ നിന്ന് മണ്ണ് വാരി കരയില്‍ വയ്ക്കും. അടുത്ത മഴയ്ക്ക് അത് വീണ്ടും ഓടയില്‍ നിറയും. ഇങ്ങനെയൊക്കെയാണ് ശുചീകരണം. തിരുവനന്തപുരം നഗര സഭ ശുചീകരണം വേണ്ട രീതിയില്‍ നടത്തിയില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ പരസ്യമായി കുറ്റപ്പെടുത്തുകയുണ്ടായി. പക്ഷെ മേയര്‍ ഇത് സമ്മതിക്കാന്‍ പോകുന്നുണ്ടോ? രാഷ്ട്രീയക്കാരനല്ലേ, പ്രത്യേകിച്ച് ഭരണകക്ഷിയുടെ ആളും. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നിട്ടും മാലിന്യ നിര്‍മാര്‍ജനത്തില്‍ ശരിയായ നടപടികള്‍ എടുക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വെള്ളാന മാത്രം. പനിക്ക് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ പോലും മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആയിരങ്ങള്‍ പനിയുമായെത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് 20 മൃതദേഹങ്ങളുടെ അവശിഷ്ട്ടങ്ങളാണ് പട്ടിയും കാക്കയും കടിച്ചുവലിച്ചിട്ടിരിക്കുന്ന അവസ്ഥയില്‍ കാണപ്പെട്ടത്. അവിടത്തെ വിദ്യാര്‍ത്ഥികള്‍ അനാറ്റമി പഠിച്ചിട്ടു ബാക്കി വന്ന ശവശരീര ഭാഗങ്ങളാണ് ശരിയായി സംസ്‌കരിക്കാതെ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെയും മറ്റു മെഡിക്കല്‍ കോളേജ് ആശുപത്രികളുടെയും സ്ഥിതിയും ഒട്ടും മെച്ചമല്ല. ചുറ്റുപാടും മാലിന്യക്കൂമ്പാരം, അതില്‍നിന്നും കൊതുകും ധാരാളം ഉണ്ടാകുന്നു. പനിക്കാരെയുംകൊണ്ട് വരുന്നവര്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും ആശുപത്രികളില്‍നിന്ന് പനികിട്ടാനുള്ള സാഹചര്യമാണുള്ളത്. മറ്റു സൗകര്യങ്ങളും വളരെ കുറവാണ്. രോഗികള്‍ക്ക് നില്‍ക്കാന്‍ പോലും ഇടമില്ലാത്തതാണ് എല്ലാ ആശുപത്രികളും. ലാബ് സൗകര്യങ്ങളും ഡോകര്‍മാരുടെ സേവനവും തീര്‍ത്തും അപര്യാപ്തമാണ്. ഡെങ്കിപ്പനി വരുന്നവര്‍ക്ക് രക്തത്തിലുള്ള പ്ലേറ്റ്‌ലറ്റ്‌സിന്റെ എണ്ണം കുറയുന്നതുകൊണ്ട് അത് നല്‍കേണ്ടി വരും. പനിക്കാര്‍ കൂടിയതുകൊണ്ട് ദിവസവും 500 ബാഗ് പ്‌ളേറ്റ്‌ലെറ്റ്‌സ് വേണ്ടിവരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്‌ളേറ്റ്‌ലെറ്റ്‌സ് വേര്‍തിരിക്കുന്ന മൂന്ന് മെഷീനുകളാണുള്ളത്. അതില്‍ രണ്ടെണ്ണം കേടായിക്കിടക്കുന്നു. ബാക്കിയുള്ള ഒരെണ്ണത്തില്‍ 300 ബാഗുകള്‍ മാത്രമാണ് ഉണ്ടാക്കാന്‍ കഴിയുന്നത്. പ്ലേറ്റ്‌ലെറ്റ്‌സ് സൂക്ഷിച്ചുവയ്ക്കാനുള്ള ശീതീകരണ യന്ത്രവും തകരാറിലാണ്. ഇതൊക്കെ ചെയ്യാനുള്ള ജീവനക്കാരുടെ എണ്ണവും വളരെ കുറവാണ്. അതിനാല്‍ ആവശ്യത്തിനുള്ള പ്‌ളേറ്റ്‌ലറ്റ്‌സ് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. ജില്ലാ താലൂക്ക് ആശുപത്രികൡലും സ്ഥിതി ഇതൊക്കെ തന്നെ. അങ്ങനെ നോക്കുമ്പോള്‍ പകര്‍ച്ച പ്പനിയെ നേരിടാനുള്ള സംവിധാനങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. ആവശ്യത്തിന് ഡോക്റ്റര്‍മാരില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. ഏതാണ്ട് 700-800 രോഗികളാണ് പനിയുമായി ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററില്‍പ്പോലും എത്തുന്നത്. അവിടെ ആകെ ഒരു ഡോക്ടര്‍ ആണ് ഒപി നോക്കുന്നത്. ഇത്രയും രോഗികളെ ഒരു ഡോക്റ്റര്‍ എങ്ങിനെ പരിശോധിക്കും? പിഎസ്‌സി ലിസ്റ്റ് കാലഹരണപ്പെട്ടു. പുതിയത് ഉണ്ടാക്കുന്നുമില്ല. പുതിയ ഡോക്റ്റര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. താലൂക്ക്/ ജില്ലാ ആശുപത്രികളിലും ആവശ്യത്തിന്, പോകട്ടെ, അത്യാവശ്യത്തിനു പോലും ഡോക്ടര്‍മാരില്ലാത്ത സ്ഥിതിവിശേഷമാണ്. ഇതുകൊണ്ട് എങ്ങനെ ഈ പകര്‍ച്ചവ്യാധിയെ നേരിടാനാകും? ഡെങ്കി മാത്രമല്ല എലിപ്പനി, എച്ച്1 എന്‍1, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും പടരുന്നു.എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് എലിപ്പനി കണ്ടത്. കഴിഞ്ഞ 4 മാസത്തിനിടെ 24 പേരാണ് എച്ച്1 എന്‍1 മൂലം മരിച്ചത്. ലാഘവത്തോടെയുള്ള സമീപനമാണ് സര്‍ക്കാരില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വ്യക്തമായ ഒരു ആരോഗ്യ നയം ഇല്ല. ഒരു വര്‍ഷം ഭരിച്ചിട്ടും ഒരു നയം ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ആകെ ഉണ്ടാക്കിയത് മദ്യനയം മാത്രമാണ്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ആരോഗ്യ മേഖലയിലേക്ക് ധാരാളം സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. അതൊന്നും ശരിയായി വിനിയോഗിക്കാന്‍ കേരള സര്‍ക്കാരിന് കഴിയുന്നില്ല. ഈ പ്രശ്‌നങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ല. കാരുണ്യ, ക്യാന്‍സര്‍ ചികിത്സ തുടങ്ങിയ പദ്ധതികള്‍ക്ക് സൗജന്യ മരുന്ന് നല്‍കിക്കൊണ്ടിരുന്ന മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ പണമില്ല എന്ന കാരണത്തില്‍ മരുന്ന് വിതരണം നിര്‍ത്തിവച്ചു. പക്ഷെ 11.5 ലക്ഷം രൂപ അടച്ചു ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലെ അംഗത്വം എടുക്കാന്‍ അവര്‍ക്കു പണമുണ്ടായി. ധൂര്‍ത്തിനും കെടുകാര്യസ്ഥതയ്ക്കുമുള്ള ഉദാഹരണമാണ് ഇത്. ഖരമാലിന്യം സംസ്‌കരിക്കാന്‍ ശാസ്ത്രീയ വഴികള്‍ കണ്ടെത്തണം. നദികളും ജലാശയങ്ങളും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവയൊക്കെ ശുദ്ധീകരിച്ചു മാലിന്യ മുക്തമാക്കണം. ഇതൊക്കെ പ്രതിരോധത്തിന്റെ വഴികള്‍. ഇനി ചികിത്സ. സംസ്ഥാനത്തിന് വ്യക്തമായ ആരോഗ്യനയം ഉണ്ടാകണം. പൊതു മേഖലയിലെ ആശുപത്രികളെ വികസനത്തിലൂടെ സുസജ്ജമാക്കി ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കണം. ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റു ജോലിക്കാരെയും നിയമിക്കണം. പക്ഷെ പകര്‍ച്ചപ്പനിയെ നിസ്സാരവല്‍ക്കരിക്കാനാണ് അധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.