ലക്ഷങ്ങളുടെ പരീക്ഷ ശുഭസൂചകമോ?

Monday 19 June 2017 7:47 am IST

ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കാണ്. സംഗതിവശാല്‍ കൂടുതല്‍ ഒഴിവുകളും ഈ മേഖലയിലാണുള്ളത്. ഏതാണ്ട് ഏഴായിരത്തിലധികം ഒഴിവുകളാണ് ഇത്തവണ ഉള്ളതെന്നാണ് അറിയുന്നത്. അതിലേക്ക് സംസ്ഥാനത്ത് നിന്ന് പരീക്ഷയെഴുതാന്‍ കാത്തിരിക്കുന്നത് പതിനെട്ട് ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ്. വാസ്തവത്തില്‍ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണിത്. അഭ്യസ്തവിദ്യരുടെ ജോലിക്കായുള്ള കാത്തിരിപ്പ് തുടരുമ്പോള്‍ ചെറിയ ഒഴിവുകളിലേക്കു പോലും വന്‍തള്ളിക്കേറ്റമാണ് ഉണ്ടാവുന്നത്. ഉപഭോക്തൃ സംസ്ഥാനമായ ഈ കേരളത്തില്‍ ജോലിയുടെ കാര്യത്തിലും പരിമിതമായ അവസരമാണുള്ളത്. പതിനെട്ടുലക്ഷം പേര്‍ പരീക്ഷക്കുതയ്യാറെടുക്കുന്നതിന്റെ ആദ്യഘട്ടം കഴിഞ്ഞ ദിവസം നടന്നു. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് എല്‍ഡിക്ലാര്‍ക്ക് പരീക്ഷ നടന്നത്. 2,29,101 ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം ജില്ലയിലും 1,69,284 പേര്‍ മലപ്പുറം ജില്ലയിലും അപേക്ഷിച്ചിരുന്നു. ഇതില്‍ അറുപത് ശതമാനത്തിനടുത്ത് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതുകയുണ്ടായി. എസ്എസ്എല്‍സിയാണ് അടിസ്ഥാനയോഗ്യതയെന്നതിനാല്‍ വന്‍ തോതില്‍ അപേക്ഷകര്‍ ഉണ്ടാവുമെന്നതില്‍ തര്‍ക്കമില്ല. ഭാവിയില്‍ ഇതിന്റെ യോഗ്യത വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അണിയറ വൃത്തങ്ങള്‍ സൂചന നല്കുന്നുണ്ട്. ഉല്‍പാദന മേഖലയില്‍ പരിമിതമായ അവസരവും പ്രോത്സാഹനവും മാത്രമുള്ള സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വെള്ളക്കോളര്‍ ജോലിക്കായി ഇങ്ങനെ ആര്‍ത്തലച്ച് ഉദ്യോഗാര്‍ത്ഥികള്‍ എത്തുന്നത് എത്രത്തോളം ആശാവഹമാണെന്ന് ആലോചിക്കേണ്ടിവരും. വെള്ളക്കോളര്‍ ജോലിയ്ക്കായി ദാഹിക്കുന്നവര്‍ മറ്റ് മേഖലകളിലേക്ക് പോകാന്‍ വിമുഖരാണ് എന്നതാണ് കാണേണ്ടത്. അടുത്തിടെ കൊച്ചിയില്‍ മെട്രോ റെയില്‍വെ സര്‍വീസ് ഉദ്ഘാടനം ചെയ്യപ്പെട്ടു. അതിന് നേതൃത്വം നല്‍കിയ ശ്രീധരനെയും ഏലിയാസ് ജോര്‍ജിനെയും നമ്മള്‍ വാനോളം പുകഴ്ത്തി. അതില്‍ തന്നെ ശ്രീധരനെ ഓരോരുത്തരും നെഞ്ചേറ്റുകതന്നെയായിരുന്നു. എന്നാല്‍ അതിന്റെ ജോലിയില്‍ എത്ര മലയാളികള്‍ പങ്കാളികളായി. കേരളത്തിനു വേണ്ടി അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച തൊഴിലാളികളെ വേണ്ടവിധത്തില്‍ ആദരിക്കുകയും അവര്‍ക്ക് കേരളീയ രീതിയില്‍ സദ്യവട്ടങ്ങള്‍ ഒരുക്കി സല്‍ക്കരിക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ തൊഴിലാളികളുടെ പ്രാതിനിധ്യം ദയനീയമായിരുന്നെന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍ക്കാന്‍ ആരും തുനിഞ്ഞില്ല. ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച ഗുമസ്തപ്പണിക്കായുള്ള തള്ളിക്കയറ്റവും താല്‍പര്യവും പ്രസക്തമാവുന്നത്. വിയര്‍പ്പ് ഒഴുക്കാതെ ജോലി ചെയ്യുകയും സാധ്യമായവയ്ക്ക് പോലും കരാര്‍ കൊടുക്കുകയും ചെയ്യുന്ന ഒരു രീതിയാണിവിടെ. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ പിന്നെ പണിയൊന്നും എടുക്കണ്ട എന്ന നാട്ടു പ്രയോഗം ശരിവെക്കുന്നതാണ് പലസര്‍ക്കാര്‍ ഓഫീസുകളിലെയും സ്ഥിതിഗതികള്‍. ഇങ്ങനെ ലക്ഷക്കണക്കിനു പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കേരളം പര്യാപ്തമാണോ? ഓരോവര്‍ഷവും ആയിരങ്ങള്‍ പെന്‍ഷന്‍പറ്റുന്നു. അവര്‍ക്ക് നല്‍കേണ്ട പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വര്‍ധിച്ചുവരികയാണ്. എന്നാല്‍ സര്‍ക്കാറിന് ഈ 'ഠാ' വട്ടത്തുനിന്നുവേണം ഇതിനുള്ള ധനം സമാഹരിക്കാന്‍. ഏതു മേഖലയിലെ ജോലികള്‍ക്കായും ഇതരസംസ്ഥാനതൊഴിലാളികള്‍ കേരളത്തില്‍ ദിനം പ്രതി കുമിഞ്ഞു കൂടുകയാണ്. മലയാളികളാണെങ്കില്‍ അതൊക്കെ കണ്ട് നിസ്സംഗാവസ്ഥയിലും. ഈ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റുമുണ്ടായേ തീരൂ. അടിസ്ഥാനപരമായി മലയാളികള്‍ മാറിയില്ലെങ്കില്‍ സംസ്ഥാനത്തിന്റെ സ്ഥിതി തികച്ചും പരുങ്ങലിലായിരിക്കും. ഒരു പ്രത്യേകതൊഴിലിലേക്കു മാത്രം ശ്രദ്ധയൂന്നാതെ മൊത്തം സംസ്ഥാനത്തിന്റെ ഗതിവിഗതികളില്‍ ഭാഗഭാക്കായിക്കൊണ്ടുള്ള ഒരു സ്വഭാവ വിശേഷം വളര്‍ത്തിയെടുത്തെങ്കില്‍ മാത്രമെ ഇനി രക്ഷയുണ്ടാവുകയുള്ളൂ. നിര്‍മാണാത്മക സംരംഭങ്ങള്‍ ഇവിടെ വളരുകയുംഅവിടെയൊക്കെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ നിറഞ്ഞു കഴിയുകയും ചെയ്താലത്തെ സ്ഥിതിഗതികളെപ്പറ്റി ചിന്തിക്കുമ്പോള്‍ പോലും ആശങ്കയാണുണ്ടാവുന്നത്. സര്‍ക്കാര്‍ ജോലിക്കു വേണ്ടി മാത്രം ഉഴിഞ്ഞുവെക്കുന്ന ജീവിതമായി മാറ്റാതെ സ്വയം പര്യാപ്തതയിലേക്ക് യുവസമൂഹം ഉയര്‍ന്നു പോയെങ്കില്‍ മാത്രമെ ശുഭകരമായ ഭാവിയുണ്ടാവൂ. പരിമിതപ്പെട്ടുവരുന്ന വിഭവങ്ങളും ഉയര്‍ന്നുപൊങ്ങുന്ന ആവശ്യങ്ങളും തമ്മില്‍ നിരന്തരം സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ ഇന്നേ ശ്രദ്ധിച്ചാല്‍ അത്രയും നന്ന്. ഇക്കാര്യത്തില്‍ സര്‍ക്കാറിനും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ സങ്കുചിതവും പരിമിതപ്പെട്ടു പോകുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.