മല്ലപ്പളളില്‍ തെരുവ് നായ ശല്യം രൂക്ഷം

Sunday 18 June 2017 8:36 pm IST

മല്ലപ്പളളി: മല്ലപ്പളളില്‍ തെരുവുനായ്ക്കളുടെ ശല്യം കൂടി വരുന്നതായി പരാതി. വാഹന യാത്രികര്‍ക്കും, കാല്‍നടക്കാര്‍ക്കും വെല്ലുവിളിയായാണ് നായ്ക്കളുടെ നിരത്തിലൂടെയുള്ള സഞ്ചാരം. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ട്. സ്‌കൂള്‍ കുട്ടികളും, സ്ത്രീകളുമാണ് കൂടുതലായി തെരുവ് നായകളുടെ ആക്രമണത്തിനിരയാവുന്നത്. പുലര്‍ച്ചെ നടക്കാനിറങ്ങുന്നവര്‍ വഴിയാത്രക്കാര്‍, പത്രവിതരണക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരാണ് ഇവയുടെ അക്രമണത്തിന് ഇരയാകുന്നത്. നിരവധി നായ്ക്കള്‍ ഇരുചക്ര വാഹനക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. വാഹനങ്ങള്‍ക്ക് പിറകെ ഓടുന്നതു മൂലം പലരും അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായിട്ടുണ്ട്. വര്‍ഷങ്ങളായി ഈ മേഖലയില്‍ തെരുവു നായ്ക്കളുടെ താവളമാണ്. റോഡരുകില്‍ തള്ളുന്ന കോഴി അവശിഷ്ടങ്ങളും മറ്റും ഭക്ഷിക്കാന്‍ വേണ്ടിയാണ് ഇവ ഇവിടങ്ങളില്‍ തമ്പടിക്കുന്നത്. വീടുകളില്‍ നിന്ന് കോഴി, താറാവ് എന്നിവയെ നായ്ക്കൂട്ടം കൂടുകള്‍ പൊളിച്ച് കൊണ്ടുപോകുന്നതും നിത്യസംഭവമാകുകയാണ്. തെരുവ് നായകളെ നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ പാലിക്കുന്ന നിസ്സംഗ മനോഭാവം ജനങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ട്. ആസ്പത്രികള്‍ നായകടിയേറ്റവര്‍ക്ക് നല്‍കുന്ന ആന്റി റാബിസ് മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്നും പേവിഷ പ്രതിരോധചിക്തസയ്ക്ക് വന്‍ തുകയാണ് സ്വകാര്യ ആസ്പത്രികളില്‍ ഈടാക്കുന്നതെന്നും ആരോപണമുണ്ട്. സ്‌ക്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉളളതു കൊണ്ട് ധാരാളം വിദ്യാത്ഥികള്‍ യാത്ര ചെയ്യുന്ന വഴികളിലാണ് തെരുവുനായകളുടെ ശല്യം കൂടുതലായുള്ളത്. അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ തെരുവുനായ ആക്രമണങ്ങള്‍ മല്ലപ്പള്ളിയിലും തുടര്‍ക്കഥയാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.