ദൈവമേ എന്റെ പേരിലുള്ള പെട്രോള്‍ പമ്പിനെ രക്ഷിക്കണേ

Sunday 18 June 2017 9:17 pm IST

ബീഹാറിലെ സോനോപുരിലെ ഹരിഹര്‍നാഥ് ക്ഷേത്രത്തില്‍ തേജ് പ്രതാപ് യാദവ് സന്ദര്‍ശിക്കുന്നു

പാറ്റ്‌ന: പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്ക് ഓരോ കാരണങ്ങള്‍ എന്നു പറയുന്നത് ഒരു ചന്ദനത്തിരിയുടെ പരസ്യത്തിലാണ്. എന്നാല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പ്രത്യേക കാരണങ്ങളുണ്ട്. എന്തു പ്രശ്‌നമുണ്ടായാലും ലാലുവിന്റെ മക്കള്‍ അഭയം പ്രാപിക്കുന്നത് വടക്കന്‍ ബീഹാറിലെ സോനോപുരിലെ ഹരിഹര്‍നാഥ് ക്ഷേത്രത്തില്‍.

അവിടുത്തെ ശിവലിംഗ പ്രതിഷ്ഠയില്‍ പാലഭിഷേകം നടത്തി ലാലുവിന്റെ രണ്ടാമത്തെ മകന്‍ തേജ് പ്രതാപ് യാദവ് പ്രാര്‍ത്ഥിച്ചു, ദൈവമേ എന്റെ പേരിലുള്ള പെട്രോള്‍ പമ്പിനെ രക്ഷിക്കണേ എന്ന്. ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായ തേജ് പ്രാതാപിന്റെ പേരില്‍ പാറ്റ്‌നയിലുള്ള പെട്രോള്‍ പമ്പിന്റെ ലൈസന്‍സ് ക്യാന്‍സലായത് കഴിഞ്ഞ ദിവസം.

കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എണ്ണക്കമ്പനി ലൈസന്‍സ് റദ്ദാക്കിയത്.
തൊട്ടു പിന്നാലെ തേജ് ഹരിഹര്‍നാഥ് ക്ഷേത്രത്തിലെത്തി വഴിപാടു നടത്തി. ലാലുവിന്റെ മക്കളില്‍ എന്തു സംഭവിച്ചാലും ഓടി ക്ഷേത്രത്തില്‍ എത്തുന്നത് തേജ് ആണ്. തേജിന്റെ എല്ലാ വിരലുകളിലും പൂജിച്ച മോതിരങ്ങളാണ്.

തേജിന്റെ മൂത്ത സഹോദരനും ഉപമുഖ്യമന്ത്രിയുമായ തേജസ്വിനി യാദവ്് ശനിയാഴ്ചയും തേജ്പ്രതാപ് ഞായറാഴ്ചയുമാണ് ഈ ക്ഷേത്രത്തില്‍ വന്നത്. തേജസ്വിനി ശത്രു സംഹാര പൂജയടക്കം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.ലാലുവിന്റെ മക്കള്‍ ഉള്‍പ്പെട്ട അഴിമതിയുടെ രേഖകള്‍ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി തുടര്‍ച്ചയായി പുറത്തു വിട്ടതിനു ശേഷം ആ കുടുംബത്തില്‍ എല്ലാവര്‍ക്കും ദൈവവിശ്വാസം കൂടിയിട്ടുണ്ട് എന്നാണ് ചിലര്‍ അടക്കം പറയുന്നത്.