കാര്‍ഷിക സര്‍വകലാശാലയില്‍ ചട്ടങ്ങള്‍ മറികടന്ന് നിയമനം

Sunday 18 June 2017 10:27 pm IST

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ സീനിയോറിറ്റിയും യുജിസി/ഐസിഎആര്‍ മാനദണ്ഡങ്ങളും മറികടന്ന് താക്കോല്‍സ്ഥാനങ്ങളില്‍ ഇടത് അധ്യാപക സംഘടനാ നേതാക്കള്‍ക്ക് നിയമനം. ഗവേഷണ വിഭാഗം ഡയറക്ടര്‍, വിജ്ഞാപന വ്യാപന വിഭാഗം ഡയറക്ടര്‍, ആസൂത്രണ വിഭാഗം ഡയറക്ടര്‍, അക്കാദമിക് ഡയറക്ടര്‍, സഹകരണ ബാങ്കിങ് അസോസിയേറ്റ് ഡീന്‍ തുടങ്ങിയ സുപ്രധാന തസ്തികകളില്‍ സംഘടനാ നേതാക്കന്മാരെ നിയമിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വൈസ് ചാന്‍സലര്‍ ഉത്തരവിറക്കി. സീനിയോറിറ്റി മറികടന്ന് പാര്‍ട്ടി കൂറുമാത്രം പരിഗണിച്ചാണ് നിയമനം. ഗവേഷണ വിഭാഗം ഡയറക്ടറുടെ ചുമതല പ്ലാനിങ് ഡയറക്ടര്‍ ഡോ. സാജന്‍ കുര്യനായിരുന്നു. രണ്ടു സ്ഥാനത്തു നിന്നും ഡോ. സാജനെ നീക്കി. സീനിയോറിറ്റിയുടേയും ഈ മേഖലയിലെ പരിചയത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഡോ. സാജന് ചുമതല നല്‍കിയിരുന്നത്. സര്‍വകലാശാല അപേക്ഷ ക്ഷണിച്ച് നടത്തിയ ഇന്റേണല്‍ സെലക്ഷനിലൂടെയായിരുന്നു ഡോ. സാജനെ പ്ലാനിങ് ഡയറക്ടറായി നിയമിച്ചിരുന്നത്. എന്നാല്‍, ഒരു നോട്ടീസ് പോലും നല്‍കാതെയാണ് സാജനെ ഈ സ്ഥാനത്തുനിന്ന് മാറ്റിയത്. സാജനു പകരം സര്‍വകലാശാലയിലെ സിപിഎം അധ്യാപക സംഘടനാ പ്രസിഡന്റ് ഡോ.ടി. പ്രദീപ് കുമാറിനാണ് പ്ലാനിങ് ഡയറക്ടറുടെ ചുമതല. ഗവേഷണ വിഭാഗം ഡയറക്ടര്‍ സ്ഥാനമായിരുന്നു ഡോ. പ്രദീപിന് നോട്ടമെങ്കിലും ഈ സ്ഥാനത്തേക്ക് കൃഷിമന്ത്രിയുടെ പാര്‍ട്ടിക്കാരിയായ ഡോ.പി. ഇന്ദിരാദേവിക്കാണ് നിയമനം നല്‍കിയത്. കാലാവസ്ഥാ പഠന അക്കാദമിയുടെ ഡയറക്ടറാണ് ഡോ. ഇന്ദിരാദേവി. ആറുമാസം മുമ്പ് സര്‍വകലാശാല എക്‌സിക്യൂട്ടീവ് കമ്മിറ്റി ആഭ്യന്തര നിയമനത്തിലൂടെ നിയമിച്ച ഡോ. ഇ.കെ. കുര്യനെ ചട്ടം ലംഘിച്ച് മാറ്റിക്കൊണ്ടായിരുന്നു ഡോ. ഇന്ദിരക്ക് ചുമതല നല്‍കിയത്. ഡോ. കുര്യന്‍ ഹൃദ്‌രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിച്ച സമയം നോക്കി സ്ഥാനത്തു നിന്ന് നീക്കി. ചുമതലയേറ്റ ഉടനെ അക്കാദമിയില്‍ ഇവരുടെ മേല്‍നോട്ടത്തില്‍ എഐഎസ്എഫ് യൂണിറ്റ് സ്ഥാപിച്ചു. ഇതിനു പ്രതിഫലമായാണ് സീനിയോറിറ്റി മറികടന്ന് ഇവര്‍ക്ക് ഗവേഷണ വിഭാഗം ഡയറക്ടറുടെ ചുമതല നല്‍കിയിരിക്കുന്നത്. നിലവിലുള്ള വൈസ്-ചാന്‍സലര്‍ ഒക്‌ടോബറില്‍ സ്ഥാനമൊഴിയുന്നതോടെ ഇവര്‍ക്ക് വിസിയുടെ ചുമതല നല്‍കാനാണ് നീക്കമെന്നും സൂചന. വിജ്ഞാപന വ്യാപന വിഭാഗം ഡയറക്ടറുടെ ചുമതല സീനിയോറിറ്റി ലംഘിച്ച് സിപിഎം അധ്യാപക സംഘടനാ നേതാവ് ഡോ. ജിജു പി. അലക്‌സിനാണ് നല്‍കിയത്. നൂറിലേറെ അധ്യാപകരുടെ സീനിയോറിറ്റി മറികടന്നാണ് നിയമനം. ഈ വിഭാഗത്തില്‍ തന്നെ അസോസിയേറ്റ് ഡയറക്ടറുടെ ചുമതലയുള്ള സീനിയര്‍ പ്രൊഫസറെയും തഴഞ്ഞു. ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭൗമ ജീവിതം, ഇക്കോഷോപ്പ് തുടങ്ങിയ പദ്ധതികളിലും കാര്‍ഷിക വികസനത്തിന് വിനിയോഗിക്കേണ്ട ഫണ്ട് ഉപയോഗിച്ച് ഓഫീസ് മോടിപിടിപ്പിച്ചതിലും ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇത് മൂടിവെക്കുന്നതിനാണ് നിയമനമെന്നാണ് ആരോപണം. സഹകരണ ബാങ്കിങ് കോളേജിലും സീനിയോറിറ്റി മറികടന്നാണ് നിയമനം. സിപിഎം അധ്യാപക സംഘടന നല്‍കിയ ലിസ്റ്റിലുള്ള ഡോ.പി. ഷാഹിനക്കാണ് അസോസിയേറ്റ് ഡീനിന്റെ ചുമതല നല്‍കിയത്. കൃഷി ഫാക്കല്‍റ്റി ഡീനായി സീനിയോറിറ്റി മറികടന്ന് സിപിഎം അധ്യാപക സംഘടനാ നേതാവായ ഡോ.എ. അനില്‍കുമാറിനെ അടുത്തകാലത്ത് നിയമിച്ചിരുന്നു. മുപ്പതിലേറെ അധ്യാപകരുടെ സീനിയോറിറ്റി മറികടന്നാണ് വകുപ്പുമേധാവി പോലുമല്ലാത്ത ഡോ. അനില്‍കുമാറിനെ ഡീന്‍ പദവിയില്‍ അവരോധിച്ചത്. സ്ഥാനമൊഴിഞ്ഞ ധനകാര്യവിഭാഗം മേധാവിയായ കണ്‍ട്രോളറുടെ ചുമതലയും രജിസ്ട്രാര്‍ എസ്. ലീനാകുമാരിക്കാണ്. നിലവില്‍ ആലപ്പുഴ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മേധാവിയാണ് ഡോ. ലീനാകുമാരി. സിപിഐ സഹയാത്രിക എന്ന പരിഗണനയിലാണ് ആലപ്പുഴയിലെ ഗവേഷണ കേന്ദ്രം മേധാവിയായ ഇവര്‍ക്ക് സര്‍വകലാശാല ആസ്ഥാനത്തുള്ള രജിസ്ട്രാര്‍ പദവിയും നല്‍കിയിരിക്കുന്നത്. ഒരേസമയം മൂന്ന് ചുമതലകളാണ് ലീനാകുമാരി വഹിക്കുന്നത്. ഡോ.ബി. ഇന്ദിരാദേവി, ഡോ.എ. അനില്‍കുമാര്‍, ഡോ.ടി. പ്രദീപ്കുമാര്‍, ഡോ. ലീനാകുമാരി എന്നിവര്‍ അടുത്ത വിസിയാകാനുള്ള ശ്രമത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.