ഐഎസില്‍ ചേര്‍ന്ന ഒരുമലയാളി കൂടി കൊല്ലപ്പെട്ടു

Monday 19 June 2017 8:50 pm IST

കാസര്‍കോട്: ഐഎസില്‍ ചേര്‍ന്ന ഒരുമലയാളി കൂടി കൊല്ലപ്പെട്ടതായി വാട്‌സാപ്പ് സന്ദേശം ലഭിച്ചു. കോഴിക്കോട് സ്വദേശി അബ്ദുള്ളയുടെ മകന്‍ സജീര്‍ അബ്ദുള്ള(35) മരിച്ചു എന്ന സന്ദേശമാണ് പടന്നയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുള്‍ മജീദ് അയച്ചത്. പടന്നയിലെ പൊതുപ്രവര്‍ത്തകനായ ബിസിഎ റഹീമിനാണ് മൃതദേഹത്തിന്റെ ചിത്രവും സന്ദേശവും ലഭിച്ചത്. സജീര്‍ കൊല്ലപ്പെട്ടതായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നുവെങ്കിലും സ്ഥിതീകരണം ലഭിച്ചത് ഇന്നലെയാണ്. എഞ്ചിനീയറിംങ് ബിരുദധാരിയും ഐടി വിദഗ്ധനുമായിരുന്നു. കോഴിക്കോട് ചെലവൂരിനടുത്ത മൂഴിക്കല്‍ ചാലിയാര്‍ കുന്ന് സ്വദേശിയാണ് എടക്കുളത്തൂര്‍ പറമ്പ് വീട്ടില്‍ സജീര്‍. മലയാളികളടക്കമുള്ളവരെ ഐ എസിസിലേക്കു റിക്രൂട്ട് ചെയ്യുന്നതിനിലെ പ്രധാനിയായ സജീര്‍ ഭീകര സംഘവുമായി അടുക്കുന്നത് ദുബായില്‍ ജോലിയിലുള്ളപ്പോഴാണ്. ഭീകരത ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതിന്റെ പ്രധാനിയായ ഇയാള്‍ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ സജീവ സാന്നിധ്യമായിരുന്നു. ജിഹാദിലേക്ക് ആളുകളെ ക്ഷണിക്കുകയും ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചും മലയാളത്തില്‍ പോസ്റ്റുകളിട്ട സമീര്‍ അലി എന്ന വ്യാജ ഫേസ് ബുക്ക് ഐഡിക്കു പിന്നിലും സജീറാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം. കൂടാതെ ഐ എസിസിന്റെ മലയാളം വെബ്‌സൈറ്റായ അല്‍ മൂഹാജിറൂന് പിന്നില്‍ സജീര്‍ തന്നെയാണാന്നാണ് ദേശീയ അന്വേഷണ ഏജന്‍സി നല്‍കുന്ന സൂചന. 2015ന് മുമ്പായി സജീര്‍ ഈ ഗ്രൂപ്പ് വിട്ടിരുന്നു. അന്ന് സ്വന്തം പേരില്‍ തന്നെയുള്ള ഫേസ്ബുക്ക് ഐഡിയായിരുന്നു എത്തിയിരുന്നത്. കഴിഞ്ഞ കുറെ കാലമായി യുഎഇയിലായിരുന്നു സജീര്‍ ജോലി ചെയ്തിരുന്നത്. 2014 അവസാനത്തില്‍ യു.എ.ഇയില്‍ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് സസംഘടിപ്പിച്ച കൂട്ടായ്മയിലും സജീര്‍ പങ്കെടുത്തിട്ടുണ്ട്. റൈറ്റ് തിങ്കേഴ്‌സില്‍ നിറഞ്ഞു നില്‍ക്കുന്ന പലരുമായും സജീര്‍ നിരന്തരമായി ആശയവിനിമയം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.