വിജിലന്‍സില്‍ നിന്നും മാറ്റിയതിന്റെ കാരണം പിന്നീട് പറയും- ജേക്കബ് തോമസ്

Monday 19 June 2017 12:41 pm IST

തിരുവനന്തപുരം: വിജിലന്‍സ് തലപ്പത്തു നിന്നും തന്നെ മാറ്റിയതിനു പിന്നിലെ കാരണം പിന്നീട് പറയുമെന്ന് ഐ.എം.ജി ഡയറക്ടറായി സ്ഥാനമേറ്റ ജേക്കബ് തോമസ് പ്രതികരിച്ചു. ഇതിന് പിന്നിലെ കാരണം ആദ്യം സര്‍ക്കാരാണോ താനാണോ പറയുന്നതെന്ന് നോക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരത്ത് ഐ.എം.ജി ഡയറക്ടറായി സ്ഥാനമേറ്റെടുത്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സില്‍ നിന്നും ഐ.എം.ജിയിലേക്ക് മാറ്റിയത് തന്നെ ഒതുക്കിയതാണെന്ന് കരുതുന്നില്ല. ഐ.എം.ജിയും വിജിലന്‍സും ഒരു റോഡിലെ രണ്ടു വശങ്ങള്‍ പോലെയാണ്. പുതിയ ചുമതലയെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല. എന്താണെന്ന് നോക്കട്ടെയന്നും ജേക്കബ് തോമസ് പറഞ്ഞു. രണ്ടര മാസത്തെ അവധിക്ക് ശേഷം ഇന്ന് സര്‍വീസില്‍ തിരിച്ചെത്തുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഐ.എം.ജി ഡയറക്ടര്‍ സ്ഥാനത്തേക്കാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.