ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം വ്യാജം: കേന്ദ്രം

Monday 19 June 2017 3:57 pm IST

ന്യൂദല്‍ഹി: എല്ലാ ഭൂരേഖകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം. ഇതിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആഗസ്റ്റ് 14നകം 1950ന് ശേഷമുള്ള എല്ലാ ഭൂരേഖകളും ആധാറുമായി ബന്ധിപ്പിക്കണം എന്നയായിരുന്നു വാര്‍ത്ത വന്നത്്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്കിയ നിര്‍ദേശം എന്ന നിലയിലാണ് കത്ത് പ്രചരിച്ചിരുന്നത്. ചീഫ് സെക്രട്ടറിമാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ ,ലഫ്റ്റണന്റ് ഗവര്‍ണര്‍മാര്‍, നീതി ആയോഗ് സെക്രട്ടറി തുടങ്ങിയവര്‍ക്കാണ് അയച്ചിരുന്നതെന്നും കത്തില്‍ പറഞ്ഞിരുന്നു. എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഡിസംബര്‍ 31നകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം നിലവിലുള്ള അക്കൗണ്ടുകള്‍ അസാധുവാകും. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.