കള്ളപ്പണം വെളുപ്പിക്കല്‍: ആപ്പ് മന്ത്രിയുടെ ഭാര്യയെ ചോദ്യം ചെയ്തു

Monday 19 June 2017 6:31 pm IST

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ദല്‍ഹി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിലെ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിനിന്റെ ഭാര്യ പൂനം ജയിനിനെ സിബിഐ ചോദ്യം ചെയ്തു. മന്ത്രിയുടെ വസതിയിലായിരുന്നു ചോദ്യം ചെയ്യല്‍. ചില സംശയങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഉണ്ടായതെന്നും റെയ്ഡ് നടത്തിയിട്ടില്ലെന്നും സിബിഐ പറഞ്ഞു. ചോദ്യം ചെയ്യലിനുള്ള സ്ഥലവും സമയവും നിര്‍ദ്ദേശിച്ചത് പൂനമാണ്. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും അഴിമതിക്കേസില്‍ സിബിഐ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വസതിയില്‍ റെയ്ഡ് നടത്തിയെന്നാരോപിച്ച് എഎപി രംഗത്ത് വന്നു. 2015-16ല്‍ കല്‍ക്കത്ത ആസ്ഥാനമായ കമ്പനികളെ ഉപയോഗിച്ച് 4.63 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ഏപ്രിലിലാണ് സത്യേന്ദറിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചത്. 2010-12 വര്‍ഷങ്ങളില്‍ കല്‍ക്കത്ത, ദല്‍ഹി കമ്പനികളിലൂടെ 11.78 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായും പരാതിയുണ്ട്. ഈ മാസം ഒന്ന്, രണ്ട് തീയതികളില്‍ മന്ത്രിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകളെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. എന്നാല്‍ സിബിഐയെ ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് എഎപി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.