നക്ഷത്ര ഹോട്ടലുകളില്‍ റെയ്ഡ്: പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

Friday 20 July 2012 12:52 pm IST

കൊച്ചി: എറണാകുളത്തെ വന്‍കിട ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ലെ മെറിഡിയന്‍, സരോവരം, വൈറ്റ് ഫോര്‍ട്ട് എന്നിവിടങ്ങളില്‍ മരട് മുന്‍സിപ്പല്‍ സെക്രട്ടറി എസ്. ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. ഇന്നു പുലര്‍ച്ചെയായിരുന്നു റെയ്ഡ്. പഴകിയ ഇറച്ചി വിഭവങ്ങള്‍, മീന്‍കറി, പച്ചക്കറി കുറുമ, രാസപഥാര്‍ഥങ്ങള്‍ ചേര്‍ത്ത മറ്റു ഭക്ഷണ സാധനങ്ങള്‍ എന്നിവയാണ്‌ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുള്ളത്‌. ഇവിടുത്തെ റസ്റ്റോറന്റുകളില്‍ പഴകിയ ഭക്ഷണം വിളുമ്പുന്നതായി പരാതിയുണ്ടായിരുന്നു. ഒരാഴ്ചയോളം പഴക്കമുള്ള ഭക്ഷണ വസ്തുക്കളാണു പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു‍. വൃത്തിഹീനമായ അന്തരീക്ഷത്തിലാണു ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തി. ഹോട്ടല്‍ വൈറ്റ്ഫോര്‍ട്ടില്‍ നിന്നും പഴകിയ അച്ചാറുകളും മറ്റു ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു. ഹോട്ടല്‍ ലെമെറിഡിയനില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ക്കാന്‍ വെച്ചിരുന്ന നിരോധിച്ച രാസപദാര്‍ഥങ്ങളും പിടിച്ചെടുത്തിയിട്ടുണ്ട്‌. ഹോട്ടല്‍ ബി.ടി.എച്ച്‌ സരോവരത്തില്‍ നിന്നും വലിയ തോതില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പാചകത്തിന്‌ ഉപയോഗിക്കുന്ന പഴകിയ വസ്തുക്കളും ഇവിടെ നിന്ന്‌ പിടിച്ചെടുത്തിട്ടുണ്ട്‌. റെയ്ഡ്‌ വൈകിട്ടുവരെ തുടരും. എല്ലാത്തരം ഹോട്ടലുകളിലും റെയ്ഡ്‌ നടത്തുമെന്നും ഹോട്ടലുടമകള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിടിച്ചെടുത്ത ഭക്ഷണപദാര്‍ഥങ്ങള്‍ പാത്രങ്ങളിലാക്കി നഗരസഭാ ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്‌. തിരുവനന്തപുരത്തും വന്‍കിട ഹോട്ടലുകളില്‍ റെയ്ഡ് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.