ജാമ്യം ലഭിക്കാന്‍ ഗായത്രി പ്രജാപതി നല്‍കിയത് പത്തു കോടി

Monday 19 June 2017 6:42 pm IST

ന്യൂദല്‍ഹി; മാനഭംഗക്കേസില്‍ പെട്ട മുന്‍ യുപി മന്ത്രിയും മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതി ജാമ്യം ലഭിക്കാന്‍ നല്‍കിയത് പത്തു കോടി. ജഡ്ജിമാര്‍ക്കും ഇടനിലക്കാര്‍ക്കുമാണ് പണം നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിലീപ് ബി ഭോസ്‌ലെയുടെ ഉത്തരവു പ്രകാരം നടന്ന അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജാമ്യം ലഭിച്ചതിനു പിന്നില്‍ ജഡ്ജിമാര്‍ വരെ ഉള്‍പ്പെട്ട വന്‍ ഗൂഡാലോചന നടന്നതായും തെളിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍( പോക്‌സോ) കൈകാര്യം ചെയ്യുന്ന കോടതിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഒപി മിശ്രയാണ് ഏപ്രില്‍ 25ന് ഇയാള്‍ക്ക് ജാമ്യം നല്‍കിയത്. ഏപ്രില്‍ ഏഴിനാണ് ഇയാളെ പോക്‌സോ ജഡ്ജിയായി നിയമിച്ചത്. വിരമിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെയാണ് ഇയാള്‍ ഗായത്രി പ്രജാപതിക്ക് ജാമ്യം നല്‍കിയത്. ജോലി കാര്യക്ഷമമായി ചെയ്തിരുന്ന മറ്റൊരു ജഡ്ജിയെ മാറ്റിയാണ് പൊടുന്നനെ മിശ്രയെ നിയമിച്ചത്. സകല ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചായിരുന്നു ഈ നിയമനം. ചീഫ് ജസ്റ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നിയമനത്തിലും അഴിമതിയുണ്ട്. ജാമ്യത്തിന് മുന്‍മന്ത്രി നല്‍കിയ പത്തു കോടതിയില്‍ അഞ്ചു കോടി ഇടനിലക്കാരായ മൂന്ന് വക്കീലന്മാര്‍ വീതിച്ചെടുത്തു. അഞ്ചു കോടിയാണ് പോക്‌സോ ജഡ്ജി മിശ്രയ്ക്കും മിശ്രയെ അവിടേക്ക് നിയമിച്ച ജില്ലാ ജഡ്ജി രാജേന്ദ്ര സിങ്ങിനും കൂടി നല്‍കിയത്. വിവരം പുറത്തായതിനെത്തുടര്‍ന്ന് രാജേന്ദ്രസിങ്ങിനെ ഹൈക്കോടതിജഡ്ജിയാക്കാനുള്ള ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം പിന്‍വലിച്ചിരുന്നു. ലക്ഷ്മീ കാന്ത് റത്താവൂരായിരുന്നു പോക്‌സോ ജഡ്ജി. 2016 ജൂലൈ 18ന് നിയമിതനായ അദ്ദേഹം സത്യസന്ധനുമാണ്. ഇദ്ദേഹമിരുന്നാല്‍ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ ജില്ലാ ജഡ്ജി രാജേന്ദ്ര സിങ്ങ് അദ്ദേഹത്തെ നീക്കി അഴിമതി സുഗമമാക്കുകയായിരുന്നു. അതിന് പ്രതിഫലമായി ലഭിച്ചത് രണ്ടരക്കോടിയാണ്. ബാലികയെ മാനഭംഗപ്പെടുത്തിയതിന് ഗായത്രി പ്രജാപതിക്കെതിരെ ഫെബ്രുവരി 17ന് സുപ്രീം കോടതി ഉത്തരവു പ്രകാരമാണ് കേസ് എടുത്തത്. മാര്‍ച്ച് 15ന് അറസ്റ്റു ചെയ്തു. ഏപ്രില്‍ 24നാണ് ജാമ്യാപേക്ഷ നല്‍കിയത്. 25ന് ജാമ്യം ലഭിച്ചു. അന്വേഷണം നടക്കുമ്പോഴാണ് ഒരൊറ്റ ദിവസത്തില്‍ ജാമ്യം നല്‍കിയത്. മിശ്രയുടെ നിയമനത്തിലും ജാമ്യം നല്‍കിയതിലും അഴിമതിയുണ്ടെന്ന് ഐബി കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.