മുത്തൂറ്റ് കവര്‍ച്ച: സൂത്രധാരനും ഭാര്യയും പിടിയില്‍

Monday 19 June 2017 6:48 pm IST

മുംബൈ: ഹൈദരാബാദിലെ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് 41 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ സൂത്രധാരനും ഭാര്യയും അറസ്റ്റില്‍. മുംബൈ ധാരാവിയില്‍ നിന്നുള്ള സുന്ദര്‍ രാജരത്‌നം കംഗല്ല, ഭാര്യ രാധ കാംഗല്ല എന്നിവരെ മുംബൈ പോലീസ് ക്രൈംബ്രാഞ്ചും ഹൈദരാബാദ് സൈബരാബാദ് പോലീസിന്റെ പ്രത്യേക സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. സാമൂഹ്യപ്രവര്‍ത്തകരെന്ന വ്യാജേനയെത്തിയ പോലീസ് സംഘം ധാരാവിയിലെ ഫ്‌ളാറ്റില്‍ നിന്ന് സുന്ദറിനെ പിടികൂടി. ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ചുന്നഭാട്ടിയിലെ ഫ്‌ളാറ്റില്‍ നിന്ന് രാധയും അറസ്റ്റിലായി. ഇവരില്‍ നിന്ന് 2.25 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. കഴിഞ്ഞ ഡിസംബറിലാണ് കവര്‍ച്ച നടന്നത്. സുന്ദറിന് മുംബൈ അധോലോകവുമായി ബന്ധമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഛോട്ട ഷക്കീലിന്റെ പ്രധാന അനുയായി മല്ലപ്പയുടെ സഹായിയായിരുന്നു ഇയാള്‍. രണ്ടു മാസമായി സുന്ദറിന്റെയും ഭാര്യയുടെയും പിന്നാലെയായിരുന്നു പോലീസ്. പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോള്‍ പലപ്പോഴും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മംഗലാപുരം, ബെംഗളൂരു, കേരളം, ഗോവ എന്നിവിടങ്ങളിലാണ് കവര്‍ച്ചയ്ക്കു ശേഷം ഇവര്‍ സഞ്ചരിച്ചത്. അവസാനം മുംബൈയിലെത്തി. ഈ യാത്രയില്‍ ആഡംബര ജീവിതമാണ് നയിച്ചത്. ഇവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തത് പോലീസിന്റെ ജോലി കഠിനമാക്കി. കേസില്‍ കൊള്ളസംഘത്തലവന്‍ വിജയകുമാര്‍, സംഘാംഗങ്ങളായ ലക്ഷ്മണ്‍ നാരായണ്‍ മുധംഗ്, ഗണേഷ് പാണ്ഡുരംഗ് ബോണ്‍സലെ, സുഭാഷ് പൂജാരി പാണ്ഡെ, കാല, തുക്കാറാം ഗെയ്ക്ക്‌വാദ് എന്നിവരെ നേരത്തെ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് മൂന്നര കിലോ സ്വര്‍ണവും പിടിച്ചെടുത്തു. കവര്‍ച്ച നടന്ന ദിവസം നഗരത്തിലെ സംഗറെഡ്ഡി ജംക്ഷനിലെ സിസിടിവിയില്‍ നിന്നാണ് വിജയകുമാറിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു. ഇവര്‍ നല്‍കിയ വിവരമാണ് സുന്ദറിലേക്ക് വഴിതുറന്നത്. മുംബൈ തദ്ദേശ തെരഞ്ഞെടുപ്പില്‍ ധാരാവിയില്‍ നിന്ന് മത്സരിക്കാന്‍ പണം ആവശ്യമുണ്ടെന്നു ധരിപ്പിച്ചാണ് സുന്ദര്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. കവര്‍ന്ന സ്വര്‍ണത്തിലെ പകുതിയോളം മുംബൈയിലെത്തിച്ച് ഉരുക്കി കട്ടകളാക്കി സ്വര്‍ണവ്യാപാരികള്‍ക്ക് കൈമാറിയെന്നാണ് സുന്ദര്‍ വെളിപ്പെടുത്തിയത്. ഇതു കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സുന്ദറും ലക്ഷ്മണയും 17 കിലോ വീതം പങ്കുവച്ചുവെന്നും ബാക്കിയാണ് സംഘാംഗങ്ങള്‍ക്ക് നല്‍കിയതെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.